പ്രതിഫലം

ആ നഗരത്തിൽ ഇപ്പോഴത്തെ സംസാരവിഷയം 'ബ്രോ ഹോട്ടൽ' ആണ്. കാരണം മറ്റൊന്നുമല്ല, അവിടെ ഏതു സമയത്ത് കയറിച്ചെന്നാലും വയറു നിറയെ സൗജന്യമായി ഭക്ഷണം കഴിച്ചു വരാം. 'നിങ്ങൾ ഇന്ന് പട്ടിണിയാണോ? വരൂ വയറു നിറയ്ക്കൂ', ഇങ്ങനെ ഒരു ബോർഡ് ആ ഹോട്ടലിന്റെ മുൻപിൽ എപ്പോഴും തൂങ്ങിക്കിടപ്പുണ്ടാകും.

ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ ആ ഹോട്ടലിന്റെ ഉടമ ആയ അനിലിനെ പ്രേരിപ്പിക്കാൻ തുണയായ ഒരു സാഹചര്യമുണ്ട്. അയാൾ ഹോട്ടൽ തുടങ്ങിയ സമയത്ത് ഹോട്ടലിന്റെ പേര് 'കേരള ഹോട്ടൽ' എന്നായിരുന്നു. നല്ല തിരക്കുള്ള ഒരു ദിവസം ഒരു ചെറുപ്പക്കാരൻ ഹോട്ടലിന്റെ മുൻപിൽ വന്നു നിന്നു. ആ സമയം ഭക്ഷണം ഓർഡർ ചെയ്യാൻ ഒരു പോലീസുകാരനും കടയിൽ വന്നു. അയാൾ കുറേയധികം ഭക്ഷണം ഓർഡർ നല്കി. ആ സമയമെല്ലാം ആ ചെറുപ്പക്കാരൻ അവിടെത്തന്നെ നില്പ്പുണ്ടായിരുന്നു. ഓർഡർ നല്കിയ ഭക്ഷണം എത്തി ബില്ല് കൊടുക്കാൻ കാശ് നോക്കിയപ്പോൾ, 'കാശ് വണ്ടിയിൽ ഇരിക്കുവാണ് ഞാൻ പോയി എടുത്തിട്ട് വരാം' എന്ന് പറഞ്ഞു പോലീസുകാരൻ ഭക്ഷണം അവിടെത്തന്നെ വച്ച് പുറത്തേക്കു പോയി.

പോലീസുകാരൻ പോയപ്പോൾ അയാൾ കടയിലെ മറ്റ് ആളുകൾക്ക് ഭക്ഷണം കൊടുക്കാനായി അകത്തേക്ക് പോയി. തിരികെ വന്നു നോക്കിയപ്പോൾ മേശയിലിരുന്ന ഭക്ഷണപ്പൊതി കാണുന്നില്ല. അയാൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ വെളിയിൽ നിന്നിരുന്ന ആ ചെറുപ്പക്കാരൻ ഭക്ഷണപ്പൊതിയുമായി ഓടി പോകുന്നതാണ് കണ്ടത്. അയാളും അവന്റെ പിന്നാലെ ഓടി. അവൻ ഒരു പാലത്തിന്റെ അടിയിലാണ് ഓടി നിന്നത്. കൈയിൽ ഉണ്ടായിരുന്ന ഭക്ഷണപ്പൊതി അവൻ അവിടെ ഉണ്ടായിരുന്ന കുട്ടികൾക്ക് കൊടുത്തിട്ട്, 'വേഗം കഴിച്ചോ" എന്ന് പറഞ്ഞു.

'എടാ' എന്ന വിളിയും, അവന്റെ മുഖത്ത് ഒരടിയും വീണത് ഒരു പോലെ ആയിരുന്നു.

"നീ ഭക്ഷണം മോഷ്ട്ടിക്കും, അല്ലേടാ!", അയാൾ നിലവിളിച്ചു.

"ചേട്ടാ, ഈ കുട്ടികൾ ആഹാരം കഴിച്ചിട്ട് രണ്ടു ദിവസമായി. ചേട്ടൻ അവരെ ഒന്ന് നോക്കിക്കേ. അവരുടെ മുഖത്തുള്ള ആ സന്തോഷം കണ്ടോ."

"എനിക്കതൊന്നും കാണാനുള്ള നേരമില്ല, നീ ആ ഭക്ഷണത്തിന്റെ കാശ് ഇങ്ങെടുക്ക്!"

"എന്റെ കൈയിൽ അതിനുള്ള പണമില്ല."

"ഇല്ലേ?! ഇല്ലെങ്കിൽ നീ പോലീസ് സ്റ്റേഷനിൽ പോകാൻ റെഡി ആയിക്കോ."

അപ്പോൾ ആ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി, "ചേട്ടാ, ചേട്ടൻ കഴിക്കുന്നില്ലേ?"

അവളുടെ ആ ചോദ്യം കേട്ട് അവൻ അറിയാതെ കരഞ്ഞു പോയി.

"ഇല്ല. മോള് കഴിച്ചോ, ഏട്ടൻ പിന്നെ കഴിച്ചോളാം."

"നോക്ക് ബ്രോ, ഈ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാൻ വേണ്ടിയാണു ഞാൻ മോഷ്ട്ടിച്ചത്. ഇവർ എന്റെ ആരുമല്ല. ഞാൻ ഒരു ജോലി തേടിയാണ് ഈ നഗരത്തിൽ എത്തിയത്. ഒരുപാട് സ്ഥലത്ത് ജോലി തേടി അലഞ്ഞു. എങ്ങും ശരിയായില്ല. ഒന്ന് വിശ്രമിക്കാൻ ആയി ആണ് ഞാൻ ഇവിടെ എത്തിയത്.

എന്നെ കണ്ടതും ഈ കുട്ടികൾ, 'വിശക്കുന്നു ചേട്ടാ, വിശക്കുന്നു. എന്തെങ്കിലും കഴിക്കാൻ വാങ്ങി തരണം' എന്ന് പറഞ്ഞു കരഞ്ഞു. 'നാശങ്ങൾ! എന്നോട് തന്നെ ചോദിക്കാൻ തോന്നിയല്ലോ', എന്ന് മനസ്സിൽ കരുതി. അവരുടെ കരച്ചിൽ ഗൗനിക്കാതെ ഞാൻ എഴുന്നേറ്റു പോകാനൊരുങ്ങുമ്പോൾ ഈ ചെറിയ മോൾ എന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കുഞ്ഞിന്റെ കരച്ചിൽ എന്നെ ഇവിടെ നിന്നും പോകാൻ തോന്നിച്ചില്ല.

എന്റെ കൈയിൽ മിച്ചം ഉണ്ടായിരുന്ന പൈസക്ക് ഞാൻ അവര്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്തു. അവരുടെ ആ ഭക്ഷണം കഴിക്കൽ കണ്ടു ഞാൻ കരഞ്ഞുപോയി.

ഇടയ്ക്കു ഞാൻ അവരോടു ചോദിച്ചിരുന്നു 'നിങ്ങളുടെ അച്ഛനും അമ്മയും എവിടെയാണ്' എന്ന്.

'അവർ രണ്ടു പേരും ഞങ്ങളെ ഉപേഷിച്ച് പോയി' എന്ന് മാത്രമാണ് അവർ പറഞ്ഞത്. ഇന്നിപ്പോൾ മൂന്ന് ദിവസമായി ഞാൻ ഈ കുഞ്ഞുങ്ങൾക്കൊപ്പം. ഈ കുട്ടികളെ തനിച്ചാക്കി പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.

ബ്രോ വേണമെങ്കിൽ എന്നെ തല്ലിക്കോ, ആ കുഞ്ഞുങ്ങളെ ഒന്നും ചെയ്യരുത്."

അവന്റെ 'ബ്രോ' എന്ന വിളി അയാളുടെ മനസ് തണുപ്പിച്ചു.

"ഒരു പരിചയവും ഇല്ലാത്ത ഈ കുട്ടികൾക്ക് വേണ്ടി ഇത്രയും ത്യാഗം സഹിക്കുന്ന നീ ഒരു നല്ല മനസിനുടയാണ്. നീ വൈകുന്നേരം ആകുമ്പോൾ ഈ കുട്ടികളെയും വിളിച്ചു ഹോട്ടലിലേക്ക് വരൂ."

അയാൾ പോകും മുൻപ് അവനോടു ചോദിച്ചു, "നീ ആരാണ്? എന്താ നിന്റെ പേര്?"

"ഞാൻ പ്രി...", അവൻ ഒന്ന് നിർത്തിയിട്ട്, "എന്നെ 'ബ്രോ' എന്ന് വിളിച്ചോ."

"ബ്രോ, എങ്കിൽ നമ്മുക്ക് വൈകുന്നേരം കാണാം.", എന്നും പറഞ്ഞു അയാൾ നടന്നു നീങ്ങി.

വൈകുന്നേരം ആയപ്പോൾ അവനും കുട്ടികളും ഹോട്ടലിൽ എത്തി.

"ഇനി നീ ജോലി തേടി എങ്ങും അലയേണ്ട. നിനക്ക് സമ്മതം ആണെങ്കിൽ എന്റെ സഹായി ആയി ഇവിടെ കൂടാം.", അയാൾ അത് പറഞ്ഞു തീരും മുൻപേ അവൻ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അന്ന് മുതൽ അവൻ അയാളുടെ ഒപ്പമാണ്.

ഇന്നിപ്പോൾ ആ കേരള ഹോട്ടൽ 'ബ്രോ ഹോട്ടൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഇപ്പോൾ നഗരത്തിലെ ആറിടങ്ങളിൽ ബ്രോ ഹോട്ടൽ പ്രവർത്തിക്കുന്നു. അവൻ രാവിലെ ആഹാരപ്പൊതികളും ആയി പുറത്തു പോകും. വിശന്നിരിക്കുന്ന പാവങ്ങൾക്ക് ആ പൊതി നൽകും. ആ കുട്ടികൾ ഇപ്പോൾ സ്കൂളിൽ പോയിത്തുടങ്ങി. അവരുടെ പഠനകാര്യങ്ങൾ എല്ലാം അവനാണ് നോക്കുന്നത്.

വൈകുന്നേരം കട പൂട്ടാൻ തുടങ്ങുമ്പോൾ പുറത്തു നിന്നും ആരോ വിളിക്കുന്നുണ്ടായിരുന്നു. അവൻ പുറത്തു വന്നു നോക്കിയപ്പോൾ മെലിഞ്ഞ ഒരു കുട്ടി കടയുടെ മുൻപിൽ നില്ക്കുന്നു.

"എന്താ മോനെ നിനക്ക് വേണ്ടത്?", അവൻ ചോദിച്ചു.

"ബ്രോ, എനിക്ക് വിശക്കുന്നു."

അവനെ കെട്ടിപ്പിടിച്ചു കൊണ്ട്, "നീ കേറി വാ മോനെ അകത്തേക്ക്."

അവൻ കുട്ടിയെ ആനയിച്ച് അകത്തേക്ക് കൊണ്ട് പോയി.

ഭക്ഷണത്തിന്റെ വില അറിയുന്ന എല്ലാര്‍ക്കും വേണ്ടി സമർപ്പിക്കുന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.