രണ്ടു ഹൃദയങ്ങൾ

ആ ഇരുട്ടുമുറിയിൽ നിന്നും ഒരു വിധത്തിൽ ഞാൻ പുറത്തിറങ്ങി. തണുപ്പ് കൂടിക്കൂടി വരുന്നു. ഇപ്പോൾ ഞാൻ എല്ലാം വ്യക്തമായി കാണുന്നുണ്ട്. ഞാൻ കാണാത്ത കേട്ടറിവുകൾ മാത്രമുള്ള ലോകം. കുറേ ആളുകൾ വേഗത്തിൽ ഓടുന്നു. ചിലർ അങ്ങിങ്ങായി കൂട്ടം കൂടി നിന്ന് കാര്യമായി സംസാരിക്കുന്നു. കുറച്ചു നടന്നപ്പോൾ ആരോ ഉച്ചത്തിൽ കരയുന്നു. ഞാൻ ആ മുറിയിൽ കയറി. ഒരു സ്ത്രീ വാവിട്ടു കരയുന്നു. ചിലർ ആ സ്ത്രീയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്കറിയാം ആ സ്ത്രീയെ, പക്ഷേ ഓർമ കിട്ടുന്നില്ല! എന്റെ മുൻപിൽ ആരോ പുകമറ സൃഷ്ടിക്കുന്നു. ഞാൻ അവരുടെ സംസാരം ഒരുപാട് തവണ കേട്ടിട്ടുണ്ട്. എന്റെ ശരീരം വീണ്ടും തണുത്തു മരവിക്കുന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ മുറിയിൽ തന്നെ ജനലിന്റെ അരികിൽ ഒരാൾ നിൽപ്പുണ്ട്. എനിക്കറിയാം ഈ മനുഷ്യനെ.

"അനു നീ വിഷമിക്കരുത്, ദൈവം നമ്മുക്ക് വിധിച്ചിട്ടില്ല!", അയാൾ ആ സ്ത്രീയെ നോക്കി ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

"അനിലേട്ടാ നമ്മൾ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാ, എന്നിട്ടും ദൈവം നമ്മളോട് ഇങ്ങനെ ചെയ്തല്ലോ!"

'അനിലേട്ടൻ, അനു!' ഞാൻ എപ്പോഴും കേട്ടുകൊണ്ടിരുന്ന രണ്ടു പേരുകൾ. ഇവർ രണ്ടുപേരുമായി എനിക്ക് വല്ലാത്ത ആത്മബന്ധമുണ്ട്. പക്ഷേ ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല.

ദൈവമേ, എനിക്ക് ശക്തി തരൂ. എനിക്ക് അനങ്ങാൻ കഴിയുന്നില്ല. എന്റെ അടുത്തേക്ക് ഒരു പ്രകാശം കടന്നു വരുന്നു. ഇപ്പോൾ എല്ലാം ഓർമ വരുന്നു. അത് എന്റെ അച്ഛനും, അമ്മയുമാണ്. വിവാഹം കഴിഞ്ഞു നാല് വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതിരുന്ന ആ ദമ്പതികൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയതാണ് എന്നെ. ഞാൻ ജന്മം എടുത്തത് മുതൽ എന്റെ വരവിനായി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നവർ. പക്ഷേ ആറാം മാസം ആയപ്പോൾ അമ്മ കുളിമുറിയിൽ കാൽ വഴുതി വീണു. ആ ആഘാതത്തിൽ അമ്മയ്ക്ക് എന്നെ നഷ്ടമായി. ഞാൻ സമ്പൂർണതയിൽ എത്തും മുൻപേ ദൈവം എന്നെ തിരികെ വിളിച്ചു. ഞാൻ ഉദരത്തിൽ കിടന്നു അമ്മെ എന്ന് വിളിക്കുന്നത് ആദ്യമായി കേട്ട എന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചു ഞാൻ മടങ്ങുകയാണ്. എന്റെ അമ്മ എന്നെ കാണുന്നതിന് മുൻപ് എന്നെ സ്നേഹിക്കാനും കൊഞ്ചിക്കാനും തുടങ്ങി. അമ്മയുടെ മധുരമായ സ്വരത്തിനു പലതവണ ഞാൻ കാതോർത്തിട്ടുണ്ട്. ഞാൻ വരുന്നു എന്നറിഞ്ഞതു മുതൽ അമ്മയ്ക്ക് അച്ഛന്റെ കാര്യത്തിൽ പോലും ശ്രദ്ധയില്ല എന്ന പരാതിയുമുണ്ട്. അത്രയ്ക്കും കരുതലോടെയാണ് അമ്മ എന്നെ സംരക്ഷിച്ചിരുന്നത്. എന്നിട്ടും...

"കൂട്ടുകാരാ, നീ വിഷമിക്കേണ്ട. ഈ ലോകം കൊള്ളില്ല. നമ്മുക്ക് വേഗം ദൈവത്തിനടുത്തേക്ക് പോകാം.", പുറകിൽ നിന്നും ആരോ പറയുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. എന്നെ പോലെ തന്നെ ഒരുവൻ പ്രകാശത്താൽ മൂടി നിൽക്കുന്നു.

"നീ ആരാണ്?", ഞാൻ ചോദിച്ചു.

"ഞാനും നിന്നെ പോലെ തന്നെ പൂർണത എത്താതെ മരിച്ചതാണ്. പക്ഷേ ഒരു വ്യത്യാസം, എന്നെ കൊന്നതാണ്!"

"കൊന്നതോ?! ആരാണ് നിന്നെ കൊന്നത്?"

"എന്നെ ഗർഭം ധരിച്ച സ്ത്രീ! എനിക്ക് ജന്മം തന്ന ആൾ. പിന്നെ അവരുടെ ബന്ധുക്കൾ. അങ്ങനെ കുറേപേർ. അവരുടെ കുറച്ചു നിമിഷത്തെ ശാരീരികവും മാനസികവുമായ സുഖത്തിനു ഞാൻ ഇരയായി. നിന്റെ അമ്മ നിന്നെ സ്നേഹിച്ചപോലെ എന്നെ ആ സ്ത്രീ സ്നേഹിച്ചില്ല. എനിക്ക് അവരെ അമ്മെ എന്ന് വിളിക്കാൻ കഴിയില്ല. ഇതാണ് ലോകം."

"അമ്മയെന്ന സ്നേഹത്തിലും കാപട്യം ഉണ്ടോ?"

"ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ അങ്ങനെ കാണുന്നു. ലോകം അത്രയ്ക്കും മാറിയിരിക്കുന്നു."

"എനിക്ക് അറിയില്ല. പക്ഷേ എന്റെ അച്ഛനും അമ്മയും എന്നെ ഒരുപാട് സ്നേഹിച്ചു. എന്റെ വരവിനായി അവർ കാത്തിരുന്നു."

"നിന്നെ സംരക്ഷിച്ചപോലെ എന്നെ ഗർഭം ധരിച്ച ആ സ്ത്രീ എന്നെ സംരക്ഷിക്കുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല. ഈ മുറിയിൽ നിന്റെ അമ്മ നിനക്ക് വേണ്ടി കരയുന്നു. തൊട്ടടുത്ത മുറിയിൽ എന്നെ ഗർഭം ചുമന്ന ആ സ്ത്രീ അവളെ ചതിച്ചവനെയും അവന്റെ കുഞ്ഞിനേയും ശപിക്കുന്നു. ഇതിപ്പോൾ എന്റെയും നിന്റെയും മാത്രം അവസ്ഥയല്ല. ഈ ആശുപത്രിയിൽ ഓരോ ദിവസവും നമ്മളെ പോലെ ഒന്നും അറിയാതെ, താൻ എന്തിനാ മരിച്ചത് എന്ന് പോലും അറിയാത്ത ഒരുപാട് ആളുകളുണ്ട്. അതാണ് ലോകത്തിന്റെ അവസ്ഥ!"

"എന്നെ ആരൊക്കയോ എടുത്തോണ്ട് പോകുന്ന പോലെ തോന്നുന്നു."

"അത് നിന്റെ ബന്ധുക്കൾ നിന്റെ ശരീരം മറവു ചെയ്യാൻ കൊണ്ടുപോവുകയാണ്. നിന്നെ ഇത്രയും നേരം പെട്ടിക്കുള്ളിലാക്കി തണുപ്പുള്ള മുറിയിൽ വച്ചിരിക്കുവായിരുന്നു. നിന്റേതു വളർച്ച എത്തിയ ശരീരം ആയതിനാലാണ് അവര്‍ അത് മറവു ചെയ്യാൻ കൊടുത്ത്. പക്ഷേ എന്റെ ശരീരം അവർ ഓരോന്നായി മുറിച്ചു മാറ്റി ചവറ്റുകൊട്ടയിൽ തള്ളി. നീ വിഷമിക്കേണ്ട, ഇപ്പോൾ നമ്മുക്ക് പോകാം ദൈവത്തിനടുത്തേക്ക്. നിന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴുള്ള വിഷമങ്ങൾ മാറിക്കഴിയുമ്പോൾ നിന്റെ അമ്മ പിന്നെയും ഗർഭം ധരിക്കും അതും ഇരട്ട കുട്ടികളെ. അതിൽ ഒന്ന് നീയും മറ്റേത് ഞാനും ആയിരിക്കും. ദൈവത്തിന്റെ തീരുമാനം അതാണ്. സന്തോഷത്തോടെ നമ്മുക്ക് ഇപ്പോൾ യാത്രയാകാം."

"എനിക്കിപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഞാൻ തിരിച്ചു വരും. അല്ല, നമ്മൾ തിരിച്ചു വരും, എന്റെ അമ്മയുടെ മാറിലെ മധുരം നുണയാൻ."

"അതെ നമ്മൾ തിരിച്ചു വരും. ആ അമ്മയുടെയും അച്ഛന്റെയും മക്കളായി ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കാൻ. ഇപ്പോൾ നമ്മുക്ക് യാത്രയാകാം."

അപ്പോഴേക്കും ഒരു പ്രകാശവലയത്താല്‍ ഞങ്ങള്‍ മൂടപ്പെട്ടിരുന്നു. അതിൽ നിന്നും ഞങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, "അമ്മേ, വിഷമിക്കരുത്..."

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.