രണ്ടു പെണ്ണുങ്ങൾ

ഇനി അവരെപ്പറ്റി പറഞ്ഞു തുടങ്ങാം. ആരുമല്ലാത്തവർ ആരൊക്കെയോ ആയി മാറുന്ന ഭൂമിയിലെ സുന്ദരമായ ഒരു ബന്ധമാണ് സൗഹൃദം. അതുകൊണ്ട് തന്നെ അങ്ങനെ വിളിക്കാം ആ രണ്ടു പെണ്ണുങ്ങളെ. ഒപ്പം പഠിച്ചെന്നോ ഒരുമിച്ച് വളർന്നെന്നോ ഒരുമിച്ച് ജോലി ചെയ്തെന്നോ ഒരുമിച്ച് യാത്ര ചെയ്തെന്നോ തുടങ്ങി യാതൊരു മുൻകാലബന്ധവും ഞാൻ അവരുമായില്ല. എങ്ങനെ അവരെ അറിഞ്ഞു എന്ന് ചോദിച്ചാൽ, ഉത്തരമില്ല.

ഏകദേശം ഒരു വർഷത്തോളം അക്ഷരങ്ങളിലൂടെ സംസാരിച്ചു, കളിയാക്കി, ചീത്ത വിളിച്ചു, സംശയങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തി, വാടിയിരിക്കുമ്പോൾ വെള്ളമൊഴിച്ച് ഉണർവ് നൽകി, ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, കരയിപ്പിച്ചു, കൊതിപ്പിച്ചു. പരസ്പരം ഒരുനാൾ കാണണം എന്ന ആഗ്രഹങ്ങൾ വന്നു. അങ്ങനെ അങ്ങനെ നാളുകൾ കൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു.

ഞാൻ: ഞാൻ എന്നാൽ എന്നെ ആശ്രയിക്കുന്നവർക്ക് ഒരുപാട് ഉത്തരങ്ങളാണ്. പലർക്കും ഉത്തരങ്ങൾ കണ്ടെത്തി ഞാൻ എന്തെന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഞാൻ - അതാണ്‌ ഞാൻ.

നിങ്ങളോട്: നിങ്ങൾ ഈ മരുഭൂമിയിലെ മഴ എന്നൊക്കെ കേട്ടിട്ടില്ലേ. ആ അവസ്ഥ മനസ്സ് കൊണ്ട് അനുഭവിച്ചിട്ടുണ്ടോ?

ആ അവസ്ഥയായിരുന്നു ആ രണ്ടു പെണ്ണുങ്ങൾ എനിക്ക് തന്നത്. വറ്റി വരണ്ടു നില്ക്കുന്ന മണ്ണിൽ സൗഹൃദത്തിന്റെ പനിനീര് തെളിച്ചു, സുഗന്ധം പരത്തി, അങ്ങനെ അങ്ങനെ. വർണ്ണിക്കാൻ ശ്രമിച്ചാൽ വായിക്കുന്ന നിങ്ങൾക്ക് അരോചകവും എനിക്ക് പരാജയവും ആകും ഫലം. ഒന്ന് മാത്രം പറയാം - പലർക്കും വേണ്ടി ചിരിച്ചിരുന്ന ഞാൻ എനിക്ക് വേണ്ടി ചിരിച്ചു തുടങ്ങിയത് അവരോടൊരുമിച്ച അവധിക്കാലദിവസങ്ങളില്‍ ആയിരുന്നു.

കണ്ടുമുട്ടൽ: വർഷാവസാന അവധിസമയം അല്ലാതിരിന്നിട്ടും ഒരു പത്തു പതിനഞ്ചു ദിവസം ഒപ്പിച്ചു. ആരോടും പറയാതെ നാട്ടിലേക്കൊരു മുങ്ങൽ. എന്നെ കാണണം എന്ന് ഒരുപക്ഷെ എന്റെ വീട്ടിലുള്ളവരെക്കാൾ അവർ ആഗ്രഹിച്ചെന്നു പോലും എനിക്കിടക്ക് തോന്നിയിട്ടുണ്ട്. ആദ്യദിവസങ്ങളിലെ തിരക്കുകൾക്കിടയിൽ പലതവണ രണ്ടു പെണ്ണുങ്ങളും എന്നെ വിളിച്ചു. എന്റെ സുഖവിവരം അന്വേഷിച്ചു. അവധിയുടെ സന്തോഷങ്ങൾക്ക് അവരൊരു ഇരട്ടിമധുരമായിരുന്നു. മണിക്കൂറിനും മാസത്തിലും തരക്കേടില്ലാത്ത ശമ്പളം വാങ്ങുന്ന രണ്ടുപേരും ലീവെടുത്ത് ഒരു ദിവസം എനിക്കു വേണ്ടി മാറ്റിവെച്ചു.

അപ്പൊ ഇനി നേരിൽ. കാലാകാലം നിലനിന്നു പോരേണ്ടതും മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കേണ്ട ഒരു ബന്ധമാണല്ലോ സൗഹൃദം. അതുകൊണ്ട് തന്നെ കണ്ടുമുട്ടലിനു തിരഞ്ഞെടുത്ത സ്ഥലം വർഷങ്ങളുടെ പഴക്കമുള്ള, ഇന്നും തലയുയർത്തി നിൽക്കുന്ന കേരളത്തിലെ സംസ്കാരികനഗരത്തിലെ ഒരു കൊട്ടാരം.

ആകാംക്ഷ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. കാലത്തിന്റെ ഒരുപാട് ഒളിച്ചുകളികള്‍ക്ക് ശേഷം ആ രണ്ടു പെണ്ണുങ്ങളെ കാണാൻ പോവാണ്. എന്നേക്കാൾ പഠിപ്പുള്ളവരാണ് രണ്ടു പേരും. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ജോലിയായ അധ്യാപനം ആസ്വദിക്കുന്നവർ. ഈ അപകർഷതാബോധം എന്ന വൃത്തികെട്ട വികാരം ആവശ്യത്തിൽ കൂടുതൽ എനിക്കുണ്ട്. അതുകൊണ്ട് തന്നെ അണിഞ്ഞൊരുങ്ങി അണിഞ്ഞൊരുങ്ങി നല്ലൊരു വെള്ളഷർട്ട് കുറച്ചു ഇസ്തിരിപ്പെട്ടിക്ക് രുചിക്കാനും കൊടുത്ത് വണ്ടിയും എടുത്ത് തൃശൂരിലേക്ക്.

ഒത്തിരി തവണ കണ്ണാടിയിൽ നോക്കി മുടി ചീകി, ഇല്ലെന്നു ഞാൻ കരുതുന്ന എന്റെ സൗന്ദര്യം കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കെ ദാ ദൂരെ നിന്നും രണ്ടു പെണ്ണുങ്ങൾ.

അവരെപ്പറ്റി: രണ്ടു പേരുടെയും ഡ്രസ്സിന്റെ കളറ് പറയാൻ എനിക്ക് അറിയില്ല. പ്രായത്തിൽ കൂടിയ പക്വത കാണിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു എന്നെളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ സാരിയുടുത്ത് ഒരുവൾ. ഞാൻ ഇങ്ങനൊക്കെ തന്നെയാണ് ഭായ് എന്ന് വിളിച്ചോതുന്ന രീതിയിൽ ശരീരഭാഷ കൊണ്ടും വസ്ത്രധാരണ രീതി കൊണ്ടും സിമ്പിൾ ആയി മറ്റൊരുവൾ.

ദൂരെനിന്ന് കണ്ട ഉടനെത്തന്നെ ഞാൻ കൈ കൂപ്പി ബൈക്കിൽ ഇരുന്നു. അവരും കൈ കൂപ്പി അടുത്ത് വന്നു, "നമസ്കാരം".

കൊട്ടാരത്തിലേക്ക്: രാജകുമാരനേം കളിക്കൂട്ടുകാരേം പോലെ രസിച്ചുതന്നെ അകത്തോട്ടു കടന്നു. ഞാൻ ആദ്യമായാണ് അവിടെ. മരിച്ചുപോയ മുൻപത്തെ രാജാവിന്റെ വകയിലെ കുടുംബം ആണെന്നെനിക്കു തോന്നി കൂട്ടത്തിൽ സിമ്പിൾ ആയവൾക്ക് കൊട്ടാരത്തിലെ പോലീസ് സെക്യൂരിറ്റി കൊടുത്ത സ്വീകരണം കണ്ടപ്പോ, മറ്റവൾ ചിരിച്ചുകൊണ്ട് വർണ്ണങ്ങൾ വിതറിക്കൊണ്ടേ ഇരുന്നു.

'കുബേരൻ' എന്ന സിനിമയിൽ ദിലീപ് പറയുന്ന പോലെ, 'ഇവള് നമ്മളേക്കാൾ തറയാടാ...', എന്നത് പെട്ടെന്ന് മനസ്സിലായി. അതെനിക് വലിയൊരു ആശ്വാസം ആയിരുന്നു. മസിലു പിടിക്കാതെ, അപകർഷതയുടെ അണുപോലും ഇല്ലാതെ ഞങ്ങൾ കൂട്ടുകാരാണ് എന്നുറക്കെ വിളിച്ചു പറയാൻ പറ്റിയ രണ്ടു കൂട്ടുകാർ. അഥവാ രണ്ടു പെണ്ണുങ്ങൾ.

സ്വഭാവം: അങ്ങനെ വേർതിരിച്ചു പറയുക കഷ്ടമാണ്. എങ്കിലും ഒരു ഗ്രാമീണനന്മയുണ്ട് ഒരുവൾക്ക്. അതിനൊപ്പം കണ്ണടച്ചു പാല് കുടിക്കുന്ന ഒരു കുറിഞ്ഞിപൂച്ചയുടെ കള്ളത്തരവും.

മറ്റവൾ: നമ്മളീ പെണ്ണൊരു അത്ഭുതമായി എന്ന് തോന്നി എന്ന് പറയില്ലേ? ഇവിടെ അത് സൗന്ദര്യം കൊണ്ടല്ല എന്ന് മാത്രം. ഒരു വട്ടു കേസ്. വിവരം കൂടി വട്ടായ ഒരു വട്ട്. സ്നേഹമുണ്ട് മനസ്സിൽ. നന്മയുണ്ട്. എങ്കിലും എന്തൊക്കെയോ നിഗൂഡതകളിൽ ഒളിച്ചിരിക്കാൻ കൊതിക്കുന്ന പ്രകൃതം.

അന്നത്തെ പകൽ: അന്നത്തെ പകലിനു ഞങ്ങളോട് അസൂയ തോന്നിക്കാണും തീർച്ച. എന്റെ ചുണ്ടുകൾക്ക് ആശ്ചര്യം. അവ ആസ്വദിച്ചു ചിരിക്കുന്നത് ചുണ്ടുകൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഹൃദയം സന്തോഷം കൊണ്ട് ഞാൻ ശുദ്ധീകരിച്ചു. എന്റെ മാനസികാവസ്ഥ പൂർണ്ണമായും മാറിയിരിക്കുന്നു. ഞാൻ സന്തോഷിക്കുന്നു, ചിരിക്കുന്നു. അവരെ കൂട്ടായിക്കിട്ടാൻ കാരണമായ എല്ലാറ്റിനോടും അതിയായ നന്ദി. പകൽ പെട്ടെന്ന് ഓടിയൊളിച്ചു പ്രതികാരം ചെയ്തു.

സമ്മാനം: 'സൂഫിയുടെ കഥ' സമ്മാനമായി തന്നൊരുവൾ സ്നേഹിച്ചു.

ഇനി വിട: മനസ്സുകൊണ്ട് കരഞ്ഞു. പുറത്തു കാണിക്കാതിരിക്കാൻ പാടുപെട്ടു. അവരുടെ മുഖത്തും എന്റെ മുഖത്തും ഒരേ ഭാവം. രണ്ടു പെണ്ണുങ്ങളും ഞാനും സൗഹൃദത്തിന്റെ ഒരു പൂർണ്ണത. അതായിരുന്നു അന്ന്. വീണ്ടും കാണുമെന്നു പറയാതെ യാത്ര പറഞ്ഞു. കാണാതിരിക്കാൻ കഴിയില്ല എന്നുറപ്പാണ്. സൂഫിയുടെ കഥ മനപ്പൂർവം മനസ്സ് മറന്നിരുന്നു.

കണ്ണാടിയിൽ തിരിഞ്ഞുനോക്കാതെ ഞാൻ പോന്നു. രണ്ടു പെണ്ണുങ്ങൾ, അവരും നടന്നകന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.