ഋതുഭേദം

തിമിർത്തു പെയ്യുന്ന തുലാവർഷമഴയെ കീറി മുറിച്ചു കൊണ്ട് അയാളുടെ ബൈക്ക് പാഞ്ഞു. റോഡിനെ തോടാക്കി ഒഴുകുന്ന മഴവെള്ളം ഇരുവശത്തേക്കും ചീറ്റിത്തെറിച്ചു കൊണ്ടിരുന്നു. മനപൂർവ്വം അയാൾ ഹെൽമെറ്റ്‌ എടുത്തിരുന്നില്ല. ശരമാരി അയാളുടെ മുഖത്തെ കുത്തി നോവിച്ചു.

അന്ന് രാവിലെയാണയാൾ വിദേശത്തു നിന്നും എത്തിയത്. സന്ധ്യയാവോളം ഓരോന്നു ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്തും വരാന്തയിലും അടുക്കളപ്പുറത്തുമായി അതുമിതും പറഞ്ഞു കൊണ്ടിരുന്ന ബന്ധുക്കളും നാട്ടുകാരുമായ ചിലര്‍ സന്ധ്യക്കാണ് സ്ഥലം വിട്ടത്. ഒടുവില്‍ ഒരു തീരുമാനത്തിൽ ഉറച്ചു നിന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പുറപ്പെട്ടു.

കൊള്ളിയാൻ ആകാശത്തെ വെട്ടിപ്പൊളിച്ചു കൊണ്ടേയിരുന്നു. കാതടപ്പിക്കുന്ന ഇടിനാദം അയാൾക്ക്‌ തീരെ ചെറിയ ശബ്ദമായി തോന്നി. ചിന്തകള്‍ ഭൂതകാലത്തിൽ നിന്നും പിന്‍വാങ്ങുന്നതേയില്ല.

വിദേശത്തു പോയതിന്റെ എട്ടാം വർഷത്തിലായിരുന്നു വിവാഹം. ഒരു പ്രവാസിക്ക് അറേഞ്ച്ഡ് മര്യേജ് വലിയൊരു വെല്ലു വിളിയാണെന്ന് കൂട്ടുകാര്‍ ചുമ്മാ പറഞ്ഞതായിരുന്നില്ല. എന്നാലും വെല്ലുവിളി വെല്ലുവിളിയായി തന്നെ ഏറ്റെടുത്തു. ഭാര്യയെ ഒന്നിച്ചു കൂട്ടാൻ മാത്രം സാമ്പത്തികസ്ഥിതിഗതികൾ ശക്തമായിരുന്നില്ല. ആത്മാര്‍ത്ഥമായ സ്നേഹം മാത്രം വാരിക്കോരി കൊടുത്തു കൊണ്ട് രണ്ടു പേര്‍ക്കും കാതങ്ങൾക്ക് ദൂരെ താമസിക്കേണ്ടി വന്നു, ഏതൊരു സാധാരണക്കാരന്റെയും പ്രവാസജീവിതം പോലെ.

ഇടയ്ക്കിടെ കിട്ടുന്ന അവധികളിൽ നാട്ടില്‍ വന്ന് അവൾക്കു സ്വര്‍ഗ്ഗീയദിനങ്ങള്‍ സമ്മാനിക്കാൻ ആവുന്നത്ര ശ്രമിച്ചിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും നാട്ടില്‍ സ്ഥിരതാമസമാക്കാൻ ഉതകുന്നത്ര സാമ്പത്തികബലം ആര്‍ജ്ജിക്കാൻ ആയിട്ടില്ല. വളര്‍ന്നു വരുന്നത് രണ്ടു പെണ്‍മക്കളും. അതുകൊണ്ടു തന്നെ ചോരയും മാംസവും മരുഭൂൂവിലെ കൊടും ചൂടില്‍ ഉരുക്കി, കഷ്ടതകളൊന്നും കുടുംബത്തെ അറിയിക്കാതെ, ജീവിതം സ്വപ്നങ്ങളോട്‌ അടുത്ത നേരത്തായിരിന്നു ഇതെല്ലാം സംഭവിച്ചു കൊണ്ടിരുന്നത്.

ഏതൊരു പ്രവാസിയുടെയും ദുസ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും സംഭവിക്കാൻ ഏറ്റവും സാധ്യത ഉള്ളതുമായ സംഗതികൾ. പല ആള്‍ക്കാരുടെയും ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ എല്ലാം ഭാര്യയുമായും പങ്കിട്ടത് അങ്ങനെയുള്ള സാധ്യതകൾ എല്ലാം ഇല്ലാതെയാക്കാൻ ആയിരുന്നു.

കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌, സ്മാര്‍ട്ട്ഫോണ്‍, അതിലെ സങ്കേതങ്ങൾ എല്ലാം സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവ്യത്യാസം ഹൃദയങ്ങൾ തമ്മിൽ വരാതെയിരിക്കുവാൻ വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി അതെല്ലാം തങ്ങളുടെ ഇടയില്‍ സ്ഥാപിച്ചിരുന്നു. എല്ലാറ്റിന്റെയും ചീത്തവശങ്ങളും പരസ്പരം ചര്‍ച്ച ചെയ്തത് തന്നെയാണ്. അവൾക്കു ഇക്കാര്യങ്ങളിൽ തന്നെക്കാളും വിവരം ഉണ്ടെന്നു പലപ്പോഴും തോന്നിയതുമാണ്. എന്നിട്ടും അതിൽ ഏറ്റവും ഭയാനകമായതു തന്നെ സംഭവിച്ചത് നിര്‍ഭാഗ്യകരം ആയിപ്പോയി.

ഏറ്റവും ഭീകരമായി തോന്നുന്നത്, ആ ദു:സ്വപ്നം തന്റെ ജീവിതത്തിലും യഥാര്‍ത്ഥത്തിൽ വളര്‍ന്നു വരുന്നതിന്റെ യാതൊരു സൂചനയും അവളുടെ സംഭാഷണങ്ങളിൽ നിന്നും തനിക്കു ലഭിച്ചില്ല എന്നതാണ്. മൂന്നു ദിവസം മുമ്പേ ആണ് അവൾ ആ ചെകുത്താന്റെ കൂടെ ഇറങ്ങിപ്പോയത്. കുട്ടികളേയും കൂടെ കൂട്ടിയപ്പോൾ അവളുടെ തീരുമാങ്ങൾ എന്തൊക്കെ ആയിരുന്നിരിക്കണം? ഒരെത്തും പിടിയും കിട്ടുന്നില്ല. അവൻ അത്രയും കൂടുതൽ അവളില്‍ സ്വാധീനം ചെലുത്തിയതും അത്ഭുതം തന്നെ. ഏറ്റവും ശക്തം എന്ന് താൻ വിശ്വസിച്ച തന്റെ സ്നേഹം തോറ്റു പോകാൻ മാത്രം അവന്റെ ഭാഗം വിദഗ്ദ്ധമായി അവതരിപ്പിച്ചപ്പോൾ അവൻ വിജയിച്ചതാകാം. സത്യവും ആത്മാര്‍ത്ഥതയും, മിഥ്യയുടെയും വഞ്ചനയുടെയും മുന്നില്‍ എത്ര എളുപ്പം തോറ്റു പോകുന്നു!

എത്രയും പെട്ടെന്ന് വരണം എന്ന് അമ്മാവന്‍ വിളിച്ചു പറഞ്ഞപ്പോഴും കാര്യം എന്താണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പിറ്റേന്ന് അര്‍ദ്ധരാത്രിക്ക് ശേഷമുള്ള ഫ്ലൈറ്റ് ആണ് കിട്ടിയത്. വീട്ടില്‍ എത്തിയ ശേഷം മാത്രമാണ് കാര്യങ്ങൾ എല്ലാം അറിഞ്ഞത്. അവന്റെ കൂടെ പോകുന്നു, തന്നെയും കുട്ടികളെയും ഇനി അന്വേഷിക്കണ്ട എന്ന ഒരു കുറിപ്പ് ബെഡ്റൂമില്‍ നിന്നും കിട്ടിയിരുന്നു.

പോലീസിൽ അറിയിക്കണം എന്നും വേണ്ട എന്നും രണ്ടു അഭിപ്രായങ്ങൾ വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾക്കിടയിൽ ഉണ്ടായിരുന്നത്രേ. അവസാനം പോലീസിൽ അറിയിക്കാൻ തന്നെ തീരുമാനമായി. ഊര്‍ജ്ജസ്വലനായ യുവപോലീസുകാരന്റെ സാമര്‍ത്ഥ്യത്തിൽ രണ്ടാം ദിനം തന്നെ അവളെയും കുട്ടികളെയും മുംബൈയിലെ ഒരു ലോഡ്ജിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. അറസ്റ്റിൽ ആയത് ഒരു വന്‍കിട സെക്സ് റാക്കറ്റിന്റെ കണ്ണി. പണം മാത്രം ആയിരുന്നു അവനു വേണ്ടിയിരുന്നത്. അതുകൊണ്ട് അവൻ അവരെ ഉപദ്രവിച്ചിട്ടില്ല.

അല്പം കൂടി മണിക്കൂറുകൾ കഴിഞ്ഞിരുന്നെങ്കിൽ പുറം ലോകത്തിന് എത്തിച്ചേരാൻ പറ്റാത്ത അധോലോകസംഘത്തിന്റെ തടവിൽ ആയേനെ അവർ. തന്റെ മക്കൾ! അവരെക്കൂടി അവളുടെ കൂടെ വലയിലാക്കാനായിരുന്നല്ലോ അവന്റെ പദ്ധതികൾ. ഒന്നോ രണ്ടോ ദിവസങ്ങള്‍ അല്ല, ഒന്നോ രണ്ടോ വർഷങ്ങൾ അല്ല, ജീവിതകാലം മുഴുവൻ തന്റെ മക്കൾ... ഓർത്തപ്പോൾ ഒരു ഉള്‍ക്കിടിലമുണ്ടായി.

ജീവിതത്തിന്റെ ഏറ്റവും മോശം സാഹചര്യത്തിൽ ഭ്രാന്തു പിടിപ്പിക്കുന്ന ചിന്തകളെ നിയന്ത്രിച്ചും സംഭവിച്ചു പോയതിനെ ചികഞ്ഞു പരിശോധിച്ചും അയാൾ യോജിച്ച ഒരു തീരുമാനം എടുത്തു. പുറപ്പെടാൻ നേരം അച്ഛൻ മുഖം ഉയര്‍ത്തി ചോദിച്ചു, "എവിടെ പോവുകയാ നീ?"

അയാൾ നിര്‍വ്വികാരനായി പറഞ്ഞു, "അവളുടെ വീട്ടിലേക്ക്."

"അവളുടെ വീട്ടിലേക്കോ! എന്തിന്?"

"ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്."

"നീ ഇനി അവിവേകം ഒന്നും കാണിക്കല്ലേ.! സംഭവിച്ചതു കഴിഞ്ഞു. നീ അവളെ വല്ലതും ചെയ്തു നിന്റെ ജീവിതം നാശം ആക്കല്ലേ..."

"ജീവിതം ഇനി ഇതിൽ കൂടുതൽ എന്ത് നാശം ആവാൻ!"

"മോനേ, നിന്നോട് എന്ത് പറയണം എന്ന് അറിഞ്ഞു കൂടാത്തത് കൊണ്ടാ ഞാൻ നിന്നോട് ഇതുവരെ ഒരു അക്ഷരം പോലും മിണ്ടാതിരുന്നത്! ബന്ധം ഉപേക്ഷിക്കാൻ ഉള്ള നിയമനടപടികള്‍ വക്കീൽ പറയുന്നുണ്ടായിരുന്നു. നമുക്ക് വേറെ നല്ല ബന്ധം വല്ലതും..."

പറഞ്ഞു മുഴുമിപ്പിക്കാൻ അച്ഛനെ അനുവദിക്കാതെ അരിശത്തോടെ പറഞ്ഞു, "എന്റെ ജീവിതത്തെക്കുറിച്ച് തീരുമാനം എടുക്കാൻ വക്കീൽ ആരാ!!"

മറ്റൊന്നും കേള്‍ക്കാൻ നിന്നില്ല. ബൈക്കുമെടുത്ത് കോരിച്ചൊരിയുന്ന മഴയിലൂടെ കുതിച്ചു പാഞ്ഞു.

അയാളുടെ ഭാര്യവീടിന്റെ ചിത്രവും മറ്റൊന്നായിരുന്നില്ല. വരാന്തയിലെ മങ്ങിയ വെളിച്ചത്തിൽ അവളുടെ അച്ഛനും അമ്മയും കൈ തലയ്ക്കു താങ്ങി കുത്തിയിരിക്കുന്നുണ്ട്. അകത്തേക്ക് വീശുന്ന തണുപ്പ് അവരില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല.

അയാൾ നനഞ്ഞൊലിച്ചുകൊണ്ട് തന്നെ അകത്തേക്ക് കയറി. അച്ഛനും അമ്മയും ഒന്ന് ഭയന്നുവോ? ഇല്ല. അയാൾ എന്ത് ചെയ്താലും അവൾക്ക് അത് വലിയ ശിക്ഷ ആകില്ല എന്ന ചിന്ത അവരുടെ അപമാനഭാരം വലിച്ചുതാഴ്ത്തിയ മുഖഭാവത്തിൽ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. പറ്റുമെങ്കിൽ തങ്ങള്‍ക്കും അതേ ശിക്ഷ തന്നെ തന്നോളൂ എന്ന് പറയുന്ന പോലെ അവർ നിശ്ചലരായി ഇരുന്നു. മഴയുടെ താണ്ഡവതാളവും ഇടിമിന്നലിന്റെ മുരളലും കൈപ്പേറിയ ആ മുഹൂര്‍ത്തത്തിനു പശ്ചാത്തലനാദം ഒരുക്കി.

ഉറച്ച കാല്‍വയ്പ്പുകളോടെ അയാൾ അകത്തേക്ക് നടന്നു. അകത്ത്, അയാളുടെ മക്കൾ രണ്ടു പേരും ഇരുന്നു മുന്പിലെ കിണ്ണത്തിൽ നിന്നു ചൂട് കഞ്ഞി സ്പൂണ്‍ കൊണ്ട് കോരിക്കുടിക്കുന്നു. ഒന്നു രണ്ടു നിമിഷം. മുഖം ഉയര്‍ത്തി അൽപനേരം നോക്കിയ കുഞ്ഞുങ്ങള്‍ കൈയിലെ സ്പൂണ്‍ പാത്രത്തിലേക്ക് ഇട്ടു ചാടിയെഴുന്നേറ്റു ഓടി വന്നു അവരുടെ അച്ഛനെ കെട്ടിപ്പിടിച്ചു, "അച്ഛാ..!!"

പൂമൊട്ടു പോലത്തെ മക്കളുടെ മേല്‍ അയാൾ സ്നേഹത്തിന്റെ ജലകണങ്ങൾ ഇറ്റിച്ചു കൊണ്ട് കുനിഞ്ഞു മുട്ട് കുത്തി ഇരുന്നു അവരുടെ കവിളുകളിൽ മാറി മാറി തെരു തെരെ ഉമ്മ വച്ചു. കണ്ണില്‍ ഒതുങ്ങാതെ നിന്ന തുള്ളികൾ അയാളുടെ കവിളിലേക്കിറങ്ങി അയാളുടെ ദേഹത്തെ മഴവെള്ളത്തിനോട് അലിഞ്ഞു ചേർന്നു. പുറത്ത് ഒരു കാറ്റിനൊപ്പം പെരുമഴയുടെ ശീല്ക്കാരശബ്ദം അകന്നകന്നു പോയി ഒരു ഇളം മഴയുടെ സൗമ്യതാളം മാത്രം ബാക്കിയായി.

അയാൾ മക്കളെ ചേര്‍ത്തുപിടിച്ചു കൊണ്ട് അവരുടെ മുറിയിലേക്ക് കടന്നു. അവിടെ അവൾ ഭാവങ്ങളില്ലാത്ത ശിൽപം പോലെ ഇരിക്കുന്നു, മടക്കിയ കാല്‍മുട്ടിനു മേലെ രണ്ടു കൈപ്പത്തികളും അതിനു മുകളില്‍ താടിയും ചേര്‍ത്ത് വെച്ച് ഒരു ചലനവും ഇല്ലാതെ.

അയാൾ അവളുടെ അരികില്‍ ഇരുന്നു. അവൾ അയാളെ നോക്കിയതേയില്ല. നേരെ മുന്നിലേക്ക്‌ നട്ടിരിക്കുന്ന കണ്ണുകളിലും അനന്തമായ ഒരു ശാന്തത നിലകൊണ്ടു. അയാൾ പതുക്കെ അവളുടെ പേര് വിളിച്ചു.

ഭാവവ്യത്യാസമില്ല. നോട്ടം മാത്രം ചെറുതായി ഒന്ന് പിടഞ്ഞു.

അയാൾ പതുക്കെ പറഞ്ഞു, "നീയും കുട്ടികളും നമ്മുടെ വീട്ടിലേക്കു വരണം."

മറുപടിയില്ല. അയാൾ അവളുടെ കൈകളില്‍ സ്പര്‍ശിച്ച് ഇരുന്നു.

"നിന്നെക്കാൾ തെറ്റ് ചെയ്തത് ഞാനാണ്. നിന്നെയും കുട്ടികളെയും തനിച്ചാക്കി ജീവിതം കീറി മുറിച്ചു വിദേശത്തു പോയി താമസിച്ചതു ഞാനല്ലേ. അതിനേക്കാൾ വലിയ തെറ്റല്ല നീ ചെയ്തത്. എല്ലാം മറന്നു നീ എന്റെ കൂടെ വരണം. ഇനി നമ്മുടെ ജീവിതത്തില്‍ പ്രവാസങ്ങള്‍ വേണ്ട."

അത്ഭുതം നിറഞ്ഞ മിഴികള്‍ ഇത്തവണ അയാളെ ഉറ്റുനോക്കി, എന്താണ് അയാളുടെ ഉദ്ദേശ്യം എന്ന് മനസ്സിലാവാതെ.

അയാൾ സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു, "സാഹചര്യങ്ങൾ മോശം ആവുമ്പോഴല്ലെടോ നമ്മൾ പരസ്പരം താങ്ങാവേണ്ടത്? നിനക്ക് ഒരു അബദ്ധം സംഭവിച്ചപ്പോ ഞാൻ നിന്നെ ഉപേക്ഷിച്ചാൽ പിന്നെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? നിന്റെ അപകടങ്ങളിൽ ഞാൻ നിനക്ക് സഹായമാവുന്നില്ലെങ്കിൽ എന്തിനു ഞാൻ നിന്റെ ഭാര്‍ത്താവാകണം? നമ്മുടെ മക്കൾക്ക്‌ നമ്മൾ അല്ലേ മാതൃകയാവേണ്ടത്?"

അവൾ കണ്ണുകള്‍ ഇറുക്കിയടച്ചു. ചുടുമിഴിനീർ അയാളുടെ കൈകള്‍ക്ക് ചൂട് പകര്‍ന്നു. അവൾ വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. അതൊരു പൊട്ടിക്കരച്ചിൽ ആകുന്നതിനു മുൻപ് അവളുടെ വാക്കുകള്‍ ചിതറി വീണു, "എന്നെ അങ്ങ് കൊന്നു കളയൂ? ഇനി എനിക്കെന്തിനു ഒരു ജീവിതം!"

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു, "നിന്നെ കൊന്നു കളഞ്ഞാൽ പിന്നെ എനിക്കും നമ്മുടെ മക്കള്‍ക്കും ആരാ?"

"എല്ലാ പെണ്ണുങ്ങളും എന്നെപ്പോലെ ചീത്തയല്ല. നിങ്ങളെപ്പോലെ നന്മയുള്ള ഒരു പെണ്ണിനെ നിങ്ങള്‍ക്ക് കിട്ടട്ടെ!"

"ഇപ്പോൾ നിന്റെ അത്രയും നല്ല പെണ്ണ് വേറെ ഉണ്ടാവില്ല. നീയും ഞാനും ഇപ്പൊ ജീവിതത്തിലെ വലിയ പാഠങ്ങൾ പഠിച്ചവരാണ്. ഇനി നമുക്ക് ജീവിതത്തിൽ വിജയിക്കണ്ടേ? നമ്മുടെ മക്കൾ, നമ്മുടെ സ്വപ്‌നങ്ങൾ!"

"ഞാൻ തോറ്റു പോയി. ഇപ്പഴും നിങ്ങള്‍ക്ക് മുന്നില്‍ തോറ്റു കൊണ്ടിരിക്കുന്നു! എനിക്ക് എന്ത് പറ്റിയെന്നു ആലോചിക്കുമ്പോ ഭ്രാന്തു പിടിക്കുന്നു."

"ജീവിതം അങ്ങനെയാണെടോ. തിയറികള്‍ എല്ലാം നമുക്ക് പണ്ടേ അറിയാമായിരുന്നു. ഇപ്പൊ പ്രാക്ടിക്കല്‍ കൂടി ആയി."

"എന്നാലും അവന്റെ മുന്നില്‍ ഞാൻ തോറ്റു കീഴടങ്ങിപ്പോയതെങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല! നമ്മുടെ മക്കളെയും ഞാൻ..."

"അവൻ എന്ത് ആഭാസം ചെയ്തും പണം സമ്പാദിക്കാൻ പരിശീലിപ്പിക്കപ്പെട്ടവനാണെടോ. നമ്മൾ അങ്ങനെ അല്ലല്ലോ. നീ അത് വിട്ടു കള. ഒരു ദു:സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നതാണെന്നു കരുതിയാൽ മതി."

"നമ്മൾ എവിടെ ജീവിക്കും? എന്നെ അച്ഛനും അമ്മയും നിങ്ങളുടെ വീട്ടില്‍ കയറ്റുമോ?"

"നമ്മൾ പണിത വീടല്ലേ, കയറണ്ട എന്ന് അവർക്ക് പറയാൻ ആവില്ല."

"നാട്ടുകാർ എന്തൊക്കെ പറയും?!"

"നാട്ടുകാർ എന്ത് പറയാൻ. പറയേണ്ടതിലും കൂടുതൽ ഇപ്പൊത്തന്നെ പറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും. അവരെ ഭയന്ന് ജീവിക്കാൻ ആകുമോ? പലരും നമ്മളിൽ ഒരു തെറ്റു കാണാൻ കാത്തിരിക്കുന്നവരാണ്. മോശം പറയുന്ന അവർ, നമ്മൾ നന്മ ചെയ്‌താൽ പോലും മോശം മാത്രമേ മറ്റുള്ളവരോട് പറയൂ. അവരെ നന്നാകാൻ നമുക്ക് ആവില്ല. നമ്മളെ സ്നേഹിക്കുന്നവർ, നമ്മൾ തെറ്റു ചെയ്‌താൽ പോലും നമ്മളെക്കുറിച്ച് മറ്റുള്ളവരോട് മോശമായി പറയില്ല."

"അത്ഭുതം! നിങ്ങൾ ഒരു അത്ഭുതം തന്നെ!"

"ചെറിയ ചെറിയ കാര്യങ്ങളാണെടോ പലപ്പോഴും അത്ഭുതങ്ങൾ ഉണ്ടാക്കുന്നത്‌. സാഹചര്യങ്ങൾ ചിലപ്പോഴെല്ലാം വളരെ മോശം ആവാം. പക്ഷെ അവയോടു നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്."

മഴ എപ്പോഴോ നിലച്ചിരുന്നു. ആ കറുത്ത രാത്രിയിലും ആകാശം കറയില്ലാത്ത തിരശ്ശീലയായി കുട ചൂടി നിന്നു. ചീവീടുകളുടെയും തവളകളുടെയും രാരീരം ആ രാത്രിക്ക് താരാട്ട് പാടി.

രാത്രി ഒരു പൊന്‍പുലരിയിലേക്ക് മിഴി തുറന്നു. അയാളും അവളും അവരുടെ മക്കളും മുറ്റത്തേക്കിറങ്ങി. നനഞ്ഞ തൊടിയിലെ പൂച്ചെടികളും അവയിലെ പൂക്കളും അവരെ നോക്കി പുഞ്ചിരിച്ചു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.