സഹപാഠി

വളരെയധികം സന്തോഷത്തോടെയും പ്രതീക്ഷയോടെയുമായിരുന്നു അന്ന് ഞാൻ രാജാസ് ഹൈസ്കൂളിൽ ഞങ്ങളുടെ ബാച്ച് സംഘടിപ്പിച്ച പൂർവ്വവിദ്യാർഥി സംഗമത്തിനെത്തിയത്. ഇരുപതു വർഷങ്ങൾ എത്ര പെട്ടെന്ന് കടന്നു പോയി! എല്ലാ സഹപാഠികളേയും കണ്ടാൽ തിരിച്ചറിയുമോ? എത്ര പേർക്ക് നര കയറിയിട്ടുണ്ടാകും? സ്കൂൾ ബ്യൂട്ടിയായിരുന്ന സിന്ധു ഇപ്പോൾ എങ്ങിനെയുണ്ടാവും? ഇങ്ങനെ ഒരുപാട് ചിന്തകൾ കഴിഞ്ഞ കുറെ നാളായിട്ടുണ്ടായിരുന്നു.

പണ്ടത്തെ പഠിപ്പിസ്റ്റുകളേയും തിരുമണ്ടൻമാരേയുമെല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. പത്ത് ജെ ക്ലാസ്സിൽ കൂടെ പഠിച്ചവരെ ബെഞ്ച് വൈസായി ഓർത്തെടുക്കാനൊരു ശ്രമം നടത്തി. ഒരുവിധം എല്ലാവരെയും ഓർക്കാൻ പറ്റി. മൂന്നാമത്തെ ബെഞ്ചിൽ സൈഡിൽ എനിക്ക് നേരെ ഇരുന്നതാരാണെന്ന് ഓർക്കുന്നില്ല. ഒരുപാടാലോചിച്ചു. ഒടുവിൽ കിട്ടി, രാജേഷ്.

കണക്കിൽ എന്നും നൂറിൽ നൂറ് മാർക്കും മറ്റു വിഷയങ്ങളിൽ തരക്കേടില്ലാത്തതുമായ മാർക്ക് നേടി എന്നും എന്നെ അത്ഭുതപ്പെടുത്താറുള്ള അവനെ ഞാനെങ്ങനെ മറന്നു?!

കണക്കുപരീക്ഷ എനിക്ക് എന്നും ഒരു കീറാമുട്ടിയായിരുന്നു. കണക്കുപേപ്പർ കിട്ടിയെന്നറിഞ്ഞാൽ എന്റെ അച്ഛനുമമ്മയും ആദ്യം അന്വേഷിക്കുന്നത് രാജേഷിനു മുഴുവൻ മാർക്കുമുണ്ടോ എന്നാണ്. അവധി ദിവസങ്ങളിൽ അടുത്തുള്ള ബാർബർ ഷാപ്പിൽ ഒരു സഹായിയായി അവൻ നിൽക്കാറുണ്ടെന്നും എന്നിട്ടു കൂടി അവൻ പഠനത്തിൽ മികവു പുലർത്താറുണ്ടെന്നും 'നിനക്കിവിടെ എന്തിന്റെ കുറവാണെന്നും' ചോദിച്ചു എനിക്കു ശകാരവും കിട്ടും. സത്യം പറഞ്ഞാൽ അന്നെല്ലാം എനിക്ക് അവനോടു ദേഷ്യമോ അസൂയയോ ഒക്കെ ഉണ്ടായിരുന്നു.

അരക്കൊല്ലപരീക്ഷ അടുക്കാറായിട്ടും അവൻ റഫ് ബുക്കിൽ തന്നെ എല്ലാ വിഷയങ്ങളും എഴുതുന്നതു ശ്രദ്ധയിൽപെട്ടപ്പോൾ ക്ലാസ് ടീച്ചർ അവനെ നന്നായി ശകാരിച്ചു. അടുത്ത ദിവസം എല്ലാ വിഷയങ്ങളും വെവ്വേറെ നോട്ടുപുസ്തകങ്ങളിൽ എഴുതിക്കാണിക്കണമെന്നും ഇല്ലെങ്കിൽ ക്ലാസ്സിനു പുറത്തു നിർത്തുമെന്നും പറഞ്ഞപ്പോൾ ഞാൻ ശരിക്കും സന്തോഷിച്ചു.

പിറ്റേന്ന് രാവിലെ ഞങ്ങളെല്ലാവരും ക്ലാസ്സിൽ കയറിയപ്പോഴും രാജേഷ് കയറിയില്ല. ക്ലാസ് ടീച്ചർക്ക്‌ അതു കണ്ടപ്പോൾ ദേഷ്യം കൂടി. അച്ഛനെക്കൊണ്ട്‌ ചെല്ലാതെ ഇനി സ്കൂളിൽ വരണ്ട എന്നും കുട്ടികളായാൽ ഇത്ര അനുസരണക്കേട്‌ കാണിക്കരുതെന്നും പറഞ്ഞു അവനെ കുറെ തല്ലി. അടി കിട്ടിയിട്ടും ഒരക്ഷരം പോലും പറയാതെ, ഒന്ന് കരയുക പോലും ചെയ്യാതെ അക്ഷോഭ്യനായുള്ള അവന്റെ നിൽപ്പ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

അന്ന് വൈകുന്നേരം ട്യൂഷൻ കഴിഞ്ഞു ഞാനും സൂരജും രാജേഷിന്റെ വീടിനു മുന്നിലൂടെ പോകുമ്പോൾ കണ്ട കാഴ്ച അവനോടുള്ള എന്റെ മനോഭാവം പാടെ മാറ്റി മറിച്ചു. മൂക്കറ്റം കുടിച്ച് അവന്റെ അച്ഛൻ അവനെയും അമ്മയെയും തല്ലുന്നു. അവൻ ബാർബർ ഷാപ്പിൽ നിന്നും കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നും കുറേശെയെടുത്തു പുസ്തകം വാങ്ങാൻ മാറ്റി വെച്ചിരുന്നു. അതു കാണാതായപ്പോൾ അവൻ അമ്മയോടന്വേഷിച്ചു. മുഴുക്കുടിയനായ അവന്റെ അച്ഛൻ അതെടുത്തു കള്ളു കുടിച്ചു. അമ്മ അതു ചോദ്യം ചെയ്തതിനാണ് അയാൾ അവനെയും അമ്മയെയും തല്ലിയത്.

'നീ പഠിച്ചത് മതി' എന്നു പറഞ്ഞ് അവന്റെ അച്ഛൻ പുസ്തകങ്ങൾ എടുത്തു പുറത്തേക്കെറിഞ്ഞു. അവൻ കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് അവ വാരിയെടുത്ത് അകത്തേക്കോടിപ്പോയി. ഞങ്ങൾ ഇതൊക്കെ കണ്ടു വഴിയിൽ നിൽക്കുന്ന കാര്യം അവൻ അറിഞ്ഞിരുന്നില്ല, ഞങ്ങൾ പറഞ്ഞതുമില്ല.

ഈ സംഭവത്തിന്‌ ശേഷം എനിക്ക് രാജേഷിനോടുള്ള ബഹുമാനം കൂടി. അവന്റെ അച്ഛന്റെ കുടിയും ബഹളവും കാരണം അയൽക്കാർ പോലും ആ കുടുംബത്തെ ഒറ്റപ്പെടുത്തിയിരുന്നു.

പിറ്റേന്ന് ഞങ്ങൾ ഈ സംഭവങ്ങളെല്ലാം ക്ലാസ് ടീച്ചറോട് പറഞ്ഞു. ഇത്രയും പ്രശ്നങ്ങൾക്കിടയിലും നന്നായി പഠിക്കുന്ന അവനെക്കുറിച്ചു ടീച്ചർ അഭിമാനം കൊണ്ടു. അവനോട് ഒന്നും ചോദിക്കാതെ തന്നെ ടീച്ചർ അവനെ ക്ലാസ്സിൽ കയറാൻ അനുവദിച്ചു. ടീച്ചറുടെ പെരുമാറ്റത്തിലുള്ള മാറ്റം അവനെ അല്പം അമ്പരപ്പിച്ചുവെങ്കിലും അവൻ ആരോടും ഒന്നും ചോദിച്ചില്ല.

പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ തന്നെ അവനും വിജയിച്ചു. തുടർപഠനത്തിനായി അവൻ എവിടെ ചേർന്നുവെന്ന് ഞങ്ങളറിഞ്ഞില്ല, അന്വേഷിച്ചുമില്ല. ഞാൻ അച്ഛന്റെ നാട്ടിലേക്ക് താമസം മാറിപ്പോയി.

* * *

വർഷങ്ങൾക്കു ശേഷം ഞങ്ങൾ സംഘടിപ്പിച്ച കൂട്ടായ്മയിൽ സഹപാഠികൾ ഓരോരുത്തരായി എത്തി. ഞാനടക്കം പലരും കുടുംബസമേതം എത്തി. എല്ലാവരും പരസ്പരം അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു. പലരും നല്ലനിലയിൽ തന്നെ കഴിഞ്ഞു കൂടുന്നു. സഹാപാഠികളായിരുന്ന യമുനയുടെയും സുരേഷിന്റെയും വിയോഗം ഞങ്ങളിൽ പലരും അപ്പോഴാണറിയുന്നത്.

ജീവിതം പച്ചപിടിക്കാത്ത മൂന്നു സഹപാഠികളെ എങ്ങിനെയെങ്കിലും സഹായിക്കണമെന്ന് ഞങ്ങൾ അവിടെ വെച്ച് തീരുമാനിച്ചു. ഒരാൾക്ക്‌ ഗൾഫിൽ ഒരു ചെറിയ ജോലി ശരിപ്പെടുത്തിക്കൊടുക്കാമെന്നും എന്നോടൊപ്പം തന്നെ കുവൈറ്റിലേക്ക് കൊണ്ടു പോകാമെന്നും ഞാനേറ്റു. മറ്റു രണ്ടു പേരുടെ കാര്യം സൂരജ് ശരിയാക്കാമെന്നു സമ്മതിച്ചു.

അന്ന് വൈകുന്നേരം ഞങ്ങൾ പിരിയുന്നതുവരെയും രാജേഷ് ഞങ്ങളുടെ കൂട്ടായ്മയിൽ എത്തിയില്ല. എന്തായാലും ജീവിതത്തോടു പട വെട്ടി അവൻ വലിയ നിലയിൽ എത്തിയിട്ടുണ്ടാകുമെന്നു എനിക്കുറപ്പായിരുന്നു. രാജേഷിന്റെ അസാന്നിദ്ധ്യം ഞങ്ങളെ വിഷമിപ്പിച്ചിരുന്നു.

കുറച്ചു ദിവസങ്ങൾക്കു ശേഷം മനോജ്‌ ഞങ്ങളെ രാജേഷിന്റെ അവസ്ഥയെക്കുറിച്ചറിയിച്ചു . പത്താം ക്ലാസ് ജയിച്ചതിനു ശേഷം കുടുംബച്ചുമതല അവന്റെ തലയിലായി. അച്ഛൻ കിടപ്പിലായി. അവൻ പഠിത്തം നിർത്തി ബാർബർ ഷാപ്പിലെ സ്ഥിരം തൊഴിലാളിയായി മാറി. ഇന്ന് നാല് ബാർബർ ഷാപ്പുകളും ഒരു ചെറിയ ധനകാര്യസ്ഥാപനവും അവനു സ്വന്തമായുണ്ട്. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട നിലയിലാണ്.

പക്ഷെ അവൻ പലിശയ്ക്ക് പണം കടം കൊടുക്കുമെന്നും ഏതു വിധേനയും അതു തിരിച്ചു പിടിക്കാൻ ഗുണ്ടകളെപ്പോലെയുള്ള ചില സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട് എന്നും കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം വളരെയധികം വിഷമമുണ്ടായി.

ഞങ്ങൾ അവനെ നേരിൽ കണ്ടു സംസാരിക്കാൻ ചെന്നു. പക്ഷെ അവൻ ഞങ്ങളെ കാണാൻ പോലും കൂട്ടാക്കിയില്ല. കടുത്തതും തിക്തവുമായ ജീവിതാനുഭവങ്ങളാണ് അവനെ ഇങ്ങനെയാക്കിയതെന്നും ഞങ്ങളുടെ സ്നേഹം അധികം വൈകാതെ അവൻ തിരിച്ചറിയുമെന്നും ഞങ്ങൾ സമാധാനിച്ചു. അവനെ ഞങ്ങൾക്കൊപ്പം കൊണ്ടു വരാൻ അടുത്ത അവധിക്കാലത്ത്‌ ഇനിയും ആത്മാർഥമായി ശ്രമിക്കുമെന്ന തീരുമാനത്തോടെ ഞാൻ എയർപോർട്ടിലേക്ക് യാത്രയായി.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.