സ്വപ്നം

ഞാൻ എന്താ ഇങ്ങനെ? എനിക്കെന്താ സംഭവിച്ചു കൊണ്ടിരിക്കുന്നത്? യാഥാർത്ഥ്യവും മിഥ്യയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ… സ്വപ്നം കാണാത്തവർ ആരും ഉണ്ടാകില്ല. പക്ഷെ ഞാൻ കാണുന്നതു ജീവിതത്തിലെ ഒരേയൊരു സത്യമാണ്.

മരണം എന്ന യാഥാർത്ഥ്യത്തെ ഇത്ര ഭംഗിയായി സ്വപ്നം കാണാൻ കഴിയുന്നത്‌ എന്നെ ഭയപ്പെടുത്തുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയാണിത്.

എല്ലാവരും എന്നെ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നെ കാണാനാണ് ഇവരെല്ലാം വന്നിരിക്കുന്നത്. ഇവരുടെയൊക്കെ മുൻപിൽ അനങ്ങാതെയുള്ള ഈ കിടപ്പ് എനിക്ക് അത്ര സുഖിക്കുന്നില്ല.

ഇവർക്കൊന്നും ദുഃഖിക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം നഷ്ടം എന്റേതു മാത്രമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ലാഭം കണ്ടെത്താൻ കഴിയാത്ത എനിക്ക് അവസാനമായി കിട്ടിയ നഷ്ടം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ സ്വന്തമാക്കിയ ഒരേയൊരു ലാഭമാണ് എന്റെ മരണം. കാരണം ആർക്കും അതിനെ എന്റെ കൈയിൽ നിന്നും തട്ടിപ്പറിക്കാൻ കഴിഞ്ഞില്ല.

ഇവിടെയും എന്നെ തോൽപ്പിക്കാൻ കഴിയാത്തതു കൊണ്ടാണോ എല്ലാവരും ദുഃഖഭാവത്തോടെ ഇരിക്കുന്നത്? പ്രിയപ്പെട്ടവരേ.., നിങ്ങൾ സന്തോഷിക്കുവിൻ. ഞാൻ ആദ്യമായി ലാഭം കൊയ്ത ദിവസമാണിന്ന്.

ഈ സ്വപ്നം എന്താ അവസാനിക്കാത്തത്? ഇവിടെ കൂടി നിൽക്കുന്നവർ എന്തിനോ തയ്യാറെടുത്തു നിൽക്കുന്ന പോലെ. ഇത് എന്റെ ഉള്ളിലെ ഭയത്തെ കൂട്ടുന്നു. രാവ് പുലരാൻ ഇനിയും സമയം ഉണ്ടോ? ഭയം കൊണ്ടാണോ എന്നറിയില്ല. ഈ ഉറക്കത്തിൽ നിന്നും ഉണരാൻ ഞാൻ ആഗ്രഹിക്കുന്നു.

നേരം വെളുത്താൽ എന്തൊക്കെ പണി ഉള്ളതാ. ശരീരം മൊത്തം അസഹ്യമായ വേദന. ഒന്ന് കുളിക്കണം. പിന്നെ ഒരാളെ കാണാൻ ചെല്ലാമെന്നു വാക്കു കൊടുത്തിട്ടുണ്ട്‌.

അതൊരു സൗഹൃദമാണ്. പരിചയപ്പെട്ടിട്ട് കണക്കു പറയാൻ ആഗ്രഹിക്കാത്ത അത്ര വർഷം തികയുന്ന ദിവസം ഇന്നാണ്. എന്തു ചെയ്യണമെങ്കിലും നേരം വെളുക്കണ്ടേ. സ്വപ്നത്തിൽ നിന്നും ഉണരണ്ടേ. മടുപ്പ് തോന്നുന്നു. ഒരുപാട് നേരമായി അനങ്ങാതെയുള്ള കിടപ്പല്ലേ.

എന്റെ അടുത്തിരിക്കുന്നവരുടെ മുഖത്തും ക്ഷീണം കാണുന്നുണ്ട്. അയ്യോ.! ഇവൾ എന്തിനാ ഇങ്ങോട്ട് വന്നത്. ഞാൻ അങ്ങോട്ടു ചെല്ലാം എന്ന് പറഞ്ഞതു വിശ്വാസം ആയിട്ടുണ്ടാകില്ല. വിശ്വാസത്തിന്റെ പ്രശ്നം ഞങ്ങളുടെ സൌഹൃദത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ഈ നേരത്ത് ഇങ്ങോട്ടു വന്നതിനു അവളെ വഴക്ക് പറയണം എന്നുണ്ട്. സ്വപ്നമായതുകൊണ്ട് ചുണ്ട് അനക്കാൻ പറ്റുന്നില്ല. വഴക്ക് പറയും എന്ന് പേടിച്ചിട്ടാകും അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്‌, പാവം.

സ്വപ്നമാണെങ്കിലും എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടു ദിവസം കഴിഞ്ഞിട്ടു വേണം എല്ലാവരെയും നേരിട്ടു പോയി കാണാൻ.

വല്ലാത്തൊരു കഷ്ടം. എന്താ ഞാൻ ഉണരാത്തത്? സ്വപ്നം എന്താ അവസാനിക്കാത്തത്? ഈ നശിച്ച ചന്ദനത്തിരിയുടെ മണം മൂക്കിൽ കയറി മടുത്തു.

ആരൊക്കെയോ ഇങ്ങോട്ടു വരുന്നുണ്ട്. ഒരു പക്ഷെ എന്നെ ഉണർത്താനായിരിക്കും. ഇവർ എന്നെ എങ്ങോട്ടാ കൊണ്ടു പോവുന്നത്? സുഹൃത്തുക്കളേ, എന്നെ താഴെയിറക്കൂ. എന്റെ ഉള്ളിലെ ഭയം ഒരു അഗ്നിപർവതത്തോളം ആയിരിക്കുന്നു.

എന്താണ് ഇതിന്റെയൊക്കെ അർഥം? ഇവർ എന്തിനാ എന്നെ കുളിപ്പിക്കുന്നത്? കുട്ടിക്കാലത്ത് ഉമ്മാക്കു ശേഷം ആരും എന്നെ കുളിപ്പിച്ചിട്ടില്ല. ഇപ്പൊ ഇവരെല്ലാം കൂടിയോ? ഹോ! വെള്ളത്തിന്‌ എന്തൊരു ചൂട്! ഹേ സുഹൃത്തേ, എനിക്ക് വേദനിക്കുന്നു. ഞാൻ ഒന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നവും കണ്ടു. അത്രയേ ഇവിടെ സംഭവിച്ചിട്ടുള്ളൂ. കണ്ണ് തുറക്കാനും പറ്റുന്നില്ലല്ലോ ദൈവമേ.!

സുഹൃത്തുക്കളേ, ഞാൻ ഉറങ്ങുകയാണ്. എന്നെ മനസ്സിലാക്കൂ. ഇതുവരെ മൗനമായി നിന്നിരുന്ന എന്റെ ബന്ധുക്കൾ ഇപ്പൊ എന്തിനാ നിലവിളിക്കുന്നത്? അവളെ കാണാനില്ലല്ലോ! ഇവളെന്താ ഇവരോടു ഞാൻ ഉറങ്ങുകയാണെന്ന് പറയാത്തത്? കഷ്ടം തന്നെ! എന്നെ ആരും മനസ്സിലാക്കുന്നില്ല.

നിങ്ങൾ എങ്ങോട്ടാ എന്നെ കൊണ്ടു പോവുന്നത്? ദയവു ചെയ്തെന്നെ താഴെയിറക്കൂ. എത്ര ശ്രമിച്ചിട്ടും കണ്ണ് തുറക്കാനും പറ്റുന്നില്ല. ഹേയ്! എന്നെ മണ്ണിലാണോ കിടത്തുന്നത്? എന്റെ ദേഹത്ത് മണ്ണിടാൻ മാത്രം ഞാൻ എന്തു തെറ്റാ ചെയ്തത്? ഉറങ്ങിയതോ സ്വപ്നം കണ്ടതോ?

വല്ലാത്തൊരു ശൂന്യത! എന്തൊക്കെയാണ് സംഭവിച്ചത്? ഭാഗ്യം, ഇപ്പോൾ കണ്ണ് തുറക്കാൻ കഴിയുന്നുണ്ട്. പക്ഷെ ഒന്നും കാണാൻ കഴിയുന്നില്ലല്ലോ, ഇരുട്ട് മാത്രം!

പ്രിയപ്പെട്ടവരേ, ഒരിക്കലും അവസാനിക്കാത്ത ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും എന്നെ തള്ളി വിട്ടുകൊണ്ട് നിങ്ങൾ പോവുകയാണോ? ഞാനൊരു സ്വപ്നം കണ്ടു. അത്രയേ സംഭവിച്ചിട്ടുള്ളൂ. ഒരു പക്ഷെ നാളെ നിങ്ങളും കാണാനിരിക്കുന്ന, കാണേണ്ട ഒരു സ്വപ്നം, വെറുമൊരു സ്വപ്നം!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.