സ്വര്‍ഗ്ഗത്തിലെ മണവാട്ടി

ജോലി കഴിഞ്ഞു നേരത്തെ റൂമിൽ എത്തി. നല്ല ക്ഷീണമുണ്ട് ഒരു ചായ കുടിച്ചാൽ ക്ഷീണം മാറും. ഡ്രസ്സ്‌ മാറി നേരെ അടുക്കളയിലേക്കു വിട്ടു. വീട്ടിൽ ആയിരുന്നെങ്കിൽ 'അമ്മെ ഒരു ചായ' എന്ന് വിളിക്കേണ്ട താമസം ചായയുമായി അമ്മ എത്തും. പറഞ്ഞിട്ടു കാര്യമില്ല! എന്തായാലും ഒരു ഊള ചായ ഉണ്ടാക്കാൻ തീരുമാനിച്ചു. ചായ ഉണ്ടാക്കുന്നതിനിടയിൽ ഫോണിൽ മെസ്സേജ് വന്ന ബീപ് ശബ്ദം കേട്ടു. ചായ റെഡി ആക്കി നേരെ ഫോണ്‍ എടുക്കാൻ പോയി. 'അച്ചു' ആണ് വാട്സ്അപ്പിൽ മെസ്സേജ് വിട്ടത്. 'അശ്വതി' എന്നാണവളുടെ പേര്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടി, 'എന്‍റെ അച്ചു'.

ഒരു മാസം കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹമാണ്. വിവാഹം ഉറപ്പിച്ച ശേഷം, അസുഖം വന്നിട്ടു മരുന്നു കഴിക്കുന്നപോലെ ഞങ്ങൾ ഓരോ മണിക്കൂർ ഇടവിട്ടു സംസാരിക്കാറുണ്ട്, മെസ്സേജ് അയക്കാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ 24 മണിക്കൂറും ഫോണിൽ തന്നെ. ഒരു തരം ന്യൂ ജെനറേഷൻ സ്റ്റൈൽ!

"എവിടെയാണ് അനിൽ ഏട്ടാ..?" എന്ന അവളുടെ ചോദ്യത്തിന് "റൂമിൽ എത്തി ഒരു ചായ ഇടുകയായിരുന്നു", എന്നു മെസ്സേജ് വിട്ടപ്പഴേക്കും "ചായയോ! അനിൽ ഏട്ടൻ ചായ ഇട്ടല്ലേ? ദൈവമേ ഞാൻ എന്താ കേട്ടത്!", കളിയാക്കി കൊണ്ടു അവളുടെ മറുപടി വന്നു.

"സാഹചര്യമാണ് അച്ചു എന്നെ ചായ ഇടാൻ പ്രേരിപ്പിച്ചത്, എന്തായാലും ഒരു മാസം കൂടി കഴിഞ്ഞാൽ നീ ചായ ഇട്ടു തന്നോ, പ്രശനം കഴിഞ്ഞില്ലേ"

"ഇം പിന്നെ... അനിൽ ഏട്ടൻ ഇപ്പോള്‍ ഫോട്ടോ ഒന്നും അയച്ചു തരുന്നില്ലല്ലോ, എന്തുപറ്റി? എന്തായാലും എനിക്കു ഇന്നൊരു ഫോട്ടോ അയച്ചു താ"

"എങ്കിൽ ഇതാ പിടിച്ചോ അച്ചൂസേ എന്‍റെ നല്ലൊരു സെൽഫി, നീ ആസ്വദിച്ചു കണ്ടിട്ടു എന്നെ വിളിക്കു. ഞാൻ അപ്പോൾ ചായ ഫിനിഷ് ആക്കട്ടെ, തൽക്കാലം ബൈ"

ചായ കുടിച്ചു പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ പതിയെ ഉറക്കത്തിന്‍റെ അലസതയിലേക്ക് വീണു. അപ്പോൾ രസം കെടുത്തി മൊബൈൽ റിംഗ് അടിച്ചു കൊണ്ടിരുന്നു. ഇപ്പോൾ തോന്നിയ ദേഷ്യത്തിനു അതു തല്ലി പൊളിക്കാൻ തോന്നി. മനസില്ലാ മനസോടെ മൊബൈൽ എടുത്തു നോക്കിയപ്പോൾ 'അച്ചു' ആണ് വിളിച്ചു കൊണ്ടിരിക്കുന്നത്. ഉറക്കവും ദേഷ്യവും എല്ലാം അച്ചുവിന്‍റെ കാൾ ആണെന്ന് അറിഞ്ഞപ്പോൾ എങ്ങോട്ടോ ഓടി ഒളിച്ച പോലെ തോന്നി. മൊബൈൽ എടുത്തു മധുരമായ ശബ്ദത്തിൽ "ഹായ് അച്ചു, എങ്ങനെയുണ്ട് എന്‍റെ പുതിയ സെൽഫി (പെണ്ണുങ്ങളുടെ സ്വഭാവത്തിനു ആണ്‍കുട്ടികൾ ഫോട്ടോ അയച്ചിട്ടു നല്ലതാണോ എന്നു ചോദിച്ചാൽ മോശമാണന്നെ അഭിപ്രായം പറയൂ) അങ്ങനെ ഒരു മറുപടിയും പ്രതീക്ഷിച്ചിരിക്കുമ്പോൾ, ആരോ എങ്ങലടിച്ചു കരയുന്നപോലെ തോന്നി. ഹലോ അച്ചു, അച്..ച്ചു ... ഹലോ... (ദൈവമേ എന്‍റെ ഫോട്ടോ കണ്ടിട്ടാണോ ഇവൾ കരയുന്നത് എന്നു മനസ്സിൽ ചിന്തിച്ചു) "ഹലോ മോളെ..."

കുറച്ചു നേരത്തേ നിശബ്ദതയ്ക്കു ശേഷം എങ്ങലടിച്ചുകൊണ്ട് അവൾ ചോദിച്ചു, "അനിൽ ഏട്ടാ... ഏതാ ആ പെണ്ണ് ?"

ഞെട്ടി തരിച്ചു പോയി ഞാൻ. "പെ... ണ്ണോ.., നീ എന്തൊക്കെയാ പറയുന്നേ അച്ചു? വെറുതെ തമാശ പറയരുത്‌."

തമാശയല്ല അനിലേട്ടാ! അനിലേട്ടന്‍റെ റൂമിൽ തോമസ്‌ അച്ചായനും ഹാരിസും മാത്രമല്ലേ താമസം ഉള്ളൂ? അവരുടെ ഫാമിലി ആണെങ്കിൽ നാട്ടിലും. പിന്നെ നിങ്ങളുടെ റൂമിലുള്ള ആ പെണ്ണ് ഏതാ?"

"നീ എന്തൊക്കെയാണ് ഈ പറയുന്നത്‌ അച്ചു, എന്‍റെ റൂമിൽ പെണ്ണോ? നിനക്കു വട്ടായോ? നീ കരയാതെ കാര്യം എന്താന്നു പറയൂ"

"അതെ എനിക്കിപ്പോൾ വട്ടാകും! ഞാൻ ചോദിക്കുന്നത് അനിലേട്ടൻ അയച്ചു തന്ന ഫോട്ടോയിലുള്ള ആ പെണ്ണ് ആരാ? അവൾക്കെന്താ നിങ്ങളുടെ റൂമിൽ കാര്യം?"

"അച്ചു... ഞാൻ അയച്ചു തന്ന ഫോട്ടോയിൽ പെണ്ണോ..? എനിക്കും ഒന്നും മനസിലാകുന്നില്ല?"

"സത്യം എന്താണെന്നു അറിഞ്ഞിട്ട് അനിലേട്ടൻ ഇനി എന്നെ വിളിച്ചാമതി!"

"മോളെ അച്ചു, ഫോണ്‍ കട്ട്‌ ചെയ്യരുത്", പറഞ്ഞു തീരും മുൻപേ അവൾ ഫോണ്‍ കട്ട്‌ ചെയ്തു, ഒന്നും മനസ്സിലാകാതെ ഞാൻ.. ഭ്രാന്തു പിടിക്കുന്നപോലെ തോന്നി. പെട്ടന്നു ഞാൻ അയച്ചു കൊടുത്ത സെൽഫി മൊബൈലിൽ നോക്കി, ഈ ഫോട്ടോയിൽ പെണ്ണോ! ഞാൻ ഒന്നും കാണുന്നില്ലല്ലോ. അച്ചുവിന് എന്തു പറ്റി? ഇനി അവൾ എന്നെ പറ്റിക്കാൻ വല്ലോം പറഞ്ഞതാണോ? അവളെ ഒന്നു വിളിച്ചു നോക്കാം. മൊബൈൽ എടുത്തു അച്ചൂനെ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട് അവൾ ഫോണ്‍ എടുക്കുന്നില്ല. കുറെ വിളിച്ചു നോക്കി, എടുക്കുന്നില്ല. ഇപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ. ആദ്യം വിചാരിച്ചു അവളുടെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞാലോ എന്ന്. പിന്നെ ഓർത്തു സംഗതി പ്രശ്നം ആയാലോ. എന്താ ചെയ്യുക? ഇനി അച്ചു പറഞ്ഞപോലെ ഇവിടെ പെണ്ണ് ഉണ്ടോ? റൂമിനു ചുറ്റും നോക്കി. ഹേയ് ഇവിടെയെങ്ങും ആരുമില്ല. എന്തായേലും അച്ചായനെ വിളിച്ചു കാര്യം പറയാം.

തോമസ്‌ അച്ചായൻ, ഒരു സ്വകാര്യ കമ്പനിയിലെ പ്രൊജക്റ്റ്‌ മാനേജർ ആയി ജോലി നോക്കുന്നു. ഏകദേശം പതിനാറു വർഷമായി ഗൾഫിൽ എത്തിയിട്ട്. അൻപതിനോടു അടുത്ത പ്രായം. എന്‍റെ അച്ചന്‍റെ അടുത്ത സ്നേഹിതൻ. അതിലുപരി ഞങ്ങൾ ഒരേ നാട്ടുകാർ. അത് കൊണ്ടു തന്നെ എന്‍റെ എല്ലാ കാര്യത്തിലും അദേഹത്തിന് വളരെ ശ്രദ്ധയാണുള്ളത്. എനിക്കു ഗൾഫിൽ ജോലി വാങ്ങി തന്നതും അച്ചായൻ തന്നെയാണ്‌. നടന്ന സംഭവങ്ങൾ എല്ലാം അച്ചായനെ വിളിച്ചു പറഞ്ഞു. അച്ചായൻ പറഞ്ഞതു അനുസരിച്ച് ഞാൻ അച്ചൂനു അയച്ചു കൊടുത്ത സെൽഫി അച്ചായന്‍റെ മൊബൈലിലേക്ക് വിട്ടു കൊടുത്തു. അഞ്ചു മിനിറ്റിനു ശേഷം അച്ചായൻ എന്നെ തിരിച്ചു വിളിച്ചു!

"ഏതാടാ ആ പെണ്‍കുട്ടി? അച്ചായന്‍റെ ചോദ്യം കേട്ടു ഞാൻ ആകെപാടെ വിളറിപ്പോയി. ഇതിനു വേണ്ടിയാണോ നീ നേരത്തേ റൂമിൽ എത്തിയത്?"

"അയ്യോ, അച്ചായൻ എനിക്കൊന്നും അറിയില്ല! ഞാൻ പറയുന്നത്‌ സത്യമാണ്. മൊബൈലിൽ ഒരു ഫോട്ടോ എടുത്തു എന്നതു നേരാണ്. പക്ഷേ അച്ചുവും അച്ചായനും പറയുന്നപോലെ ഞാൻ എടുത്ത ഫോട്ടോയിൽ ഒരു പെണ്ണിനെ നിങ്ങൾ കണ്ടു എന്നു പറയുന്നു. പക്ഷേ ആ ഫോട്ടോയിൽ ഞാൻ ആരെയും കാണുന്നില്ലല്ലോ? പിന്നെ അച്ചായന് എന്നെ ചെറുപ്പം മുതലേ അറിയാവുന്നതല്ലേ? എന്നെ വിശ്വസിക്കൂ!"

"അപ്പോൾ പിന്നെ നിന്‍റെ ഫോട്ടോയിൽ ഉള്ള ആ പെണ്‍കുട്ടി ഏതാ? അവൾ എങ്ങനെ റൂമിൽ എത്തി?"

"എനിക്ക് അറിയില്ലാ, അച്ചായൻ പെട്ടെന്ന് ഒന്നു വാ..."

"എടാ അനി, എനിക്ക് ഇന്ന് എട്ടുമണിക്ക് മീറ്റിംഗ് ഉണ്ട്. ഞാൻ വരുമ്പോൾ താമസിക്കും. അല്ല, ഹാരിസ്‌ എത്തിയില്ലേ?"

"ഇല്ലാ, ഞാൻ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ അവനെ വിളിച്ചിരുന്നു. അവൻ ഇപ്പോൾ ദമാമിൽ ആണ്. ഇവിടെ എത്തുമ്പോൾ പന്ത്രണ്ടു മണി കഴിയും എന്നാ പറഞ്ഞെ."

"എന്തായാലും നീ വിഷമിക്കേണ്ട, ഞാൻ റൂമിൽ വരട്ടെ", എന്നു പറഞ്ഞ് അച്ചായൻ മൊബൈൽ വെച്ചു.

മനസ്സിൽ പല പല ചിന്തകൾ കടന്നുകൂടി. അതിനിടയിൽ അശ്വതിയുടെ (അച്ചു) വീട്ടിൽ നിന്നും വിളി വന്നു. നേരത്തെ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്ന അവളുടെ അച്ഛനും അമ്മയും ഇന്ന് വിളിച്ചപ്പോൾ അവരുടെ സംസാരത്തിൽ തന്നെ വല്ലാത്തൊരു മാറ്റം അനുഭവപ്പെട്ടു. സത്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അവർ അതു ചെവികൊണ്ടില്ല. അതു തീരും മുമ്പ് എന്‍റെ വീട്ടിൽ നിന്നും വിളി വന്നു. ഞാൻ അച്ചുവിനു അയച്ചു കൊടുത്ത ഫോട്ടോ എന്‍റെ വീട്ടിലും കണ്ടിരിക്കുന്നു. അച്ഛനും അമ്മയും ചേട്ടനും എല്ലാരും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. സത്യം പറഞ്ഞിട്ടും ഫലം കണ്ടില്ല. വേണമെങ്കിൽ എനിക്കു ഒരു കള്ളം പറഞ്ഞു ഒഴിയാമായിരിന്നിട്ടും ഞാൻ സത്യത്തെ മുറുകെ പിടിച്ചു. സത്യത്തിനു ഇത്രയേറെ കയ്പ്പ് ഉണ്ടെന്ന് ഇപ്പോഴാണ്‌ മനസിലായത്.

"ദൈവമെ എനിക്കൊരു വഴി കാണിച്ചു തരൂ... ഞാൻ അറിയാതെ, ഏല്ലാവരും പറയുന്നപോലെ എന്‍റെ ഫോട്ടോയിൽ വന്ന ആ പെണ്‍കുട്ടി ആരാണ്‌?!"

മൊബൈൽ ബെൽ അടിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഇനി ആരാണോ എന്നെ വഴക്കു പറയാൻ വിളിക്കുന്നത്‌ എന്നു കരുതിയാണ് ഫോണ്‍ എടുത്തത്‌ ഭാഗ്യം വേറെ ആരുമല്ല, മനു ആണ് വിളിക്കുന്നത്‌, "ഹലോ ഡാ നീ എപ്പോൾ എത്തി?"

"രാവിലെ!"

"നീ നല്ല ആളാ! നിന്‍റെ കല്യാണത്തിനു വിളിച്ചു ഒന്നു വിഷ് ചെയ്യാൻ വിളിച്ചിട്ടു ഫോണ്‍ സ്വിച്ച് ഓഫാക്കി വെച്ചിരിക്കുന്നു. എന്നാൽ വാട്സ്അപ്പിൽ മെസ്സേജ് വിട്ടിട്ടും ഒരു റിപ്ലേയും ഇല്ല! എന്താ കാര്യം?"

"അതൊക്കെ ഞാൻ നേരിട്ടു പറയാം. നീ പറ്റുമെങ്കിൽ എന്നെ വന്നു കാണണം, എത്രയും പെട്ടന്ന്"

"ഞാൻ ഉടനെ എത്താം. അല്ല നീ മൂന്ന് മാസം കഴിഞ്ഞേ വരൂ എന്നു പറഞ്ഞിട്ടു വിവാഹം കഴിഞ്ഞയുടനെ വന്നതെന്താ?"

"അതെല്ലാം പറയാം നീ പെട്ടെന്നു വാടാ"

"ദാ ഞാൻ എത്തി..."

വൈകുന്നേര സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ട്. അര മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്തു ഇനി ഒരു മണിക്കൂർ അധികമെടുക്കും എത്തിച്ചേരാൻ. വണ്ടികൾ ഒച്ചിഴയും പോലെ നീങ്ങിക്കൊണ്ടിരുന്നു! എന്‍റെ സങ്കടത്തേക്കാൾ മനുവിനു എന്തു പറ്റിയെന്നു എന്നെ വ്യാകുലപ്പെടുത്തി.

മനു എന്‍റെ ഏറ്റവും അടുത്ത സ്നേഹിതനാണ്. ഞങ്ങൾ ഒരുമിച്ച് ആറാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ട്. അതിനു ശേഷം അവർ അവിടെ നിന്നും താമസം മാറി പോയി. അതിനു ശേഷം അവനുമായി ബന്ധം ഒന്നുമില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം വളരെ യാദൃശ്ചികമായി ഇവിടെ വെച്ചു കാണുകയായിരുന്നു. പിന്നെ ഞങ്ങൾ നല്ല സ്നേഹിതന്മാരായി. അവധി ദിവസങ്ങളെല്ലാം ഞങ്ങൾ കാണുമായിരുന്നു. അതിനിടയിൽ അവനു മറ്റൊരു കമ്പനിയിൽ ഉയർന്ന സാലറിയിൽ ജോലി കിട്ടി.

അങ്ങനെയിരിക്കെയാണ് അവൻ 'സ്നേഹ'യെ പരിചയപ്പെടുന്നത്. അവൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി നോക്കുന്നു. ആ പരിചയം അവസാനം അവരുടെ വിവാഹത്തിൽ എത്തി. അവൻ ഈ കാര്യം എന്നോടു പറയുന്നത് വിവാഹത്തിന് അവന്‍റെ വീട്ടിൽ നിന്നും എതിർപ്പു വന്നപ്പോളാണ്. പിന്നീട് ഞാൻ അവന്‍റെ വീട്ടിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ വിവാഹത്തിന് സമ്മതിച്ചു.

അവരുടെ വിവാഹത്തിനു നാട്ടിൽ പോകാൻ എനിക്കു ലീവ് ഇല്ലാത്തതിനാൽ ഇവിടെ വെച്ച് എനിക്കും മറ്റു ഫ്രെണ്ട്സിനും അവർ ഗംഭീരമായ ട്രീറ്റ്‌ നല്കിയിരുന്നു. പക്ഷേ അന്നത്തെ ആ ചടങ്ങിൽ സ്നേഹക്ക് പങ്കെടുക്കാൻ പറ്റിയില്ല. അതു ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. ഇവൻ പറഞ്ഞ അറിവില്ലാതെ സ്നേഹയെ ഞങ്ങൾ ആരും നേരിൽ കണ്ടിട്ടില്ല! അവനോടു സ്നേഹയുടെ ഫോട്ടോ കാണിച്ചു തരാൻ പറഞ്ഞാൽ അവന്‍റെ മറുപടി ഇതായിരുന്നു, "ആ മാലാഖയെ നീ നേരിട്ടു കാണുന്നതാ എനിക്കിഷ്ടം"

പിറ്റേ ദിവസം എനിക്കൊരു കാൾ വന്നു അതു സ്നേഹയായിരുന്നു. ഇന്നലത്തെ പരിപാടിയിൽ പങ്കെടുക്കുവാൻ കഴിയാതെ പോയതിന്‍റെ ക്ഷമ ചോദിക്കാനാണ് അവൾ വിളിച്ചത്. "ഞാൻ പരിപാടിയിൽ പങ്കെടുക്കുവാനായി നേരത്തേ തന്നെ അനുവാദം വാങ്ങിയിരുന്നു, പക്ഷേ സമയം ആയപ്പോൾ അവർ വരാൻ സമ്മതിച്ചില്ല. എന്നോടു ക്ഷമിക്കണം! അനിൽ ഏട്ടനെ കാണാൻ ഞാനും കൊതിച്ചിരുന്നു. മനു ചേട്ടൻ അനിൽ ഏട്ടന്‍റെ കാര്യം എപ്പോഴും പറയും."

"സാരമില്ല കുട്ടി, എന്‍റെ മനുവിന്‍റെ മാലാഖയെ ഞാൻ വൈകാതെ കാണും. സന്തോഷമായിരിക്കൂ!"

സ്നേഹ ഫോണ്‍ വെച്ച ഉടനെ ഞാൻ മനുവിനെ വിളിച്ചു, "എടാ സ്നേഹ വിളിച്ചിരുന്നു."

"അറിയാം, എന്നോടു നിന്‍റെ ഫോണ്‍ നമ്പർ വാങ്ങി, നിന്നോട് സോറി പറയണം എന്നു പറഞ്ഞു."

"അത് എന്തിനാ സോറി? നമ്മുക്ക് സാഹചര്യം മനസിലാക്കാമല്ലോ. പിന്നെ നീ എവിടെയാ?"

"ഞാൻ ഒരു മൊബൈൽ വാങ്ങാൻ വന്നതാ. എന്‍റെ മാലാഖക്കു വേണ്ടി. അവളുടെ ഫോണ്‍ ഇന്നലെ ഹോസ്പിറ്റലിൽ വെച്ചു താഴെ വീണു പൊട്ടി. ഇന്നിപ്പോൾ അവൾ വിളിച്ചത് കൂട്ടുകാരിയുടെ മൊബൈലിൽ നിന്നുമാണ്. ഞാൻ ഇതു വരെയും അവൾക്കൊരു ഗിഫ്റ്റൊന്നും വാങ്ങി കൊടുത്തിട്ടില്ല! എന്തായാലും വിലകൂടിയ മൊബൈൽ വാങ്ങാമെന്നു കരുതി."

"നല്ല കാര്യം. ഞാനിപ്പോൾ ഓഫീസിലാണ്. നമ്മുക്ക് വൈകിട്ടു കാണാം, ബൈ..."

പിന്നീടുള്ള ദിവസങ്ങളിൽ മനുവിനു നാട്ടിൽ കൊണ്ടു പോകാനുള്ള സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ ആയിരിന്നു. കൂട്ടത്തിൽ സ്നേഹക്കുള്ള സാധനങ്ങളും അവൻ വാങ്ങി. അവർ രണ്ടു പേരും ഒരുമിച്ചാണ്‌ നാട്ടിൽ പോകുന്നത്!

അവൻ നാട്ടിൽ പോകുന്ന ദിവസം ഞാൻ നേരത്തെ ഓഫീസിൽ നിന്നു ഇറങ്ങി നേരെ അവന്‍റെ റൂമിലേക്ക് പോയി. പായ്ക്കിംഗ് എല്ലാം കഴിഞ്ഞു ഞങ്ങൾ സ്നേഹയെ കൂട്ടാനായി അവളുടെ ഫ്ലാറ്റിലേക്കു പോയി. അവിടെ ചെന്നു കുറെ വെയിറ്റ് ചെയ്‌തിട്ടും സ്നേഹയെ കാണുന്നില്ല. മനു അവളുടെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അവൾ ഫോണെടുക്കുന്നില്ല! മനു പോയി അവളുടെ റൂമിൽ തിരക്കി. അവർ പറഞ്ഞതു സ്നേഹ ഉച്ചയ്ക്ക് പാസ്സ്പോർട്ടും റ്റിക്കറ്റും വാങ്ങാനായി ബാഗുമായി പോയെന്നാ അറിഞ്ഞത്‌ ! അതറിഞ്ഞതും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോകാനൊരുങ്ങുമ്പോൾ സ്നേഹ വിളിച്ചു.

"മനു ഏട്ടാ, ഞാൻ ഹോസ്പിറ്റലിൽ ആണ്. പക്ഷേ ഇതു വരെയും പാസ്സ്പോര്‍ട്ട്‌ കിട്ടിയില്ല! എം ഡി എത്തിയില്ല. എത്തിയാൽ ഉടനെ പാസ്സ്പോർട്ടും ടിക്കറ്റും കിട്ടും."

"സ്നേഹ നീ എന്താ ഈ പറയുന്നേ, ഫ്ലൈറ്റ്നു നേരമായി. ഇനിയും വൈകിയാൽ കുഴപ്പമാകും. മനു ഏട്ടൻ നേരേ എയർപോർട്ടിലെക്കു പോക്കോ. ഞാൻ ഉടനെ അവിടെ എത്താം…"

"സ്നേഹ, ഇപ്പോൾ തന്നെ ലേറ്റ് ആയി!"

"ഞാൻ പറഞ്ഞില്ലേ, മനു ഏട്ടൻ പോയി ബോർഡിംഗ് പാസ് എടുത്തോ. ഞാൻ ഉടനെ എത്താം."

ഇവരുടെ സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു, "നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു നിൽക്കാതെ സമയത്തിനു എയർപോർട്ടിൽ എത്താന്‍ നോക്കാം. ടാ സ്നേഹ അവിടെ സമയത്തിനു എത്തിക്കോളും, നമ്മുക്കു പോകാം!"

സ്നേഹ പറഞ്ഞത് അനുസരിച്ചു എയർപോർട്ടിൽ എത്തി അവൾക്കു വേണ്ടി കാത്തിരിക്കുകയാണ്. കൌണ്ടർ ക്ലോസ് ചെയ്യാൻ നേരമായി. സ്നേഹ ഇതുവരെയും എത്തിയില്ല. മനു അവളെ വിളിച്ചുകൊണ്ടിരിന്നു. അവൾ ഫോണ്‍ എടുക്കുന്നില്ല. ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിൽ അവൾ വിളിച്ചു.

"മനു ഏട്ടൻ നാട്ടിൽ പോക്കോ എനിക്കു വേണ്ടി കാത്തു നിൽക്കേണ്ട. എനിക്കു പാസ്സ്പോർട്ടും ടിക്കെറ്റും ഇതു വരെയും കിട്ടിയില്ല. എം ഡി എത്തിയില്ല. നാളെയേ വരൂ. വന്നാലുടൻ തരാമെന്നു മാനേജ്‌മെന്‍റ് അറിയിച്ചു. തൽക്കാലം മനു ഏട്ടൻ കേറി പോ!"

"നീ ഇല്ലാതെ ഞാൻ എങ്ങനെയാ പോകുന്നെ? ഞാനും പോകുന്നില്ല! തന്നെയും അല്ല ഇന്നു പത്താം തീയതി ആയി. ഇനി അഞ്ചു നാൾ കഴിഞ്ഞാൽ നമ്മുടെ വിവാഹമാണ്. ഇനി നീ എന്നാ വരുന്നേ?"

"ഞാൻ നാളെ ഇവിടെ നിന്നും യാത്ര തിരിക്കും. മനു ഏട്ടൻ വിഷമിക്കേണ്ട. പെട്ടന്നു പോയി ബോർഡിംഗ് പാസ്സ് എടുക്ക്‌!"

അവരുടെ സംസാരത്തിനിടക്ക്‌ കയറി ഞാൻ മനുവിന്‍റെ മൊബൈൽ വാങ്ങി സ്നേഹയോടു സംസാരിച്ചു.

"സ്നേഹ വിഷമിക്കേണ്ട, ഇവനെ ഞാൻ പറഞ്ഞു വിട്ടോളാം. ഞാൻ ഇന്നു സ്നേഹയെ കാണാൻ പറ്റുമെന്ന പ്രതീക്ഷയിലാണു വന്നത്. പക്ഷേ സാഹചര്യം വീണ്ടും കാണാൻ അനുവദിച്ചില്ല. നാളെ പാസ്സ്പോർട്ട് കിട്ടുമല്ലോ അല്ലെ? ഇവനെ ഞാൻ ഇപ്പോൾ തന്നെ പറഞ്ഞു വിട്ടേക്കാം."

"ശരി അനിലേട്ടാ", എന്നു പറഞ്ഞു അവൾ ഫോണ്‍ കട്ട്‌ ചെയ്തു. ഞാൻ മനുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി!

"ടാ നീ ഇപ്പോൾ പോകണം. നാട്ടിൽ ചെന്നിട്ടു ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതല്ലേ? തൽക്കാലം നീ ഇപ്പോൾ കയറി പോകൂ.", ഞാൻ നിര്‍ബന്ധിച്ചപ്പോൾ അവസാനം അവൻ സമ്മതിച്ചു. പോകുന്നതിനു മുൻപ് അവൻ സ്നേഹയുടെ മൊബൈൽ നമ്പർ തന്നു.

"അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ ചെയ്തു കൊടുക്കണം", എന്നു പറഞ്ഞു ഏൽപ്പിച്ചിട്ടാണ് അവൻ പോയത്. നാട്ടിൽ എത്തിയ ഉടനെ വിളിക്കണം എന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

ഞാൻ നേരെ എന്‍റെ റൂമിലേക്ക് പോയി. കുളിച്ചു റെഡി ആയ ശേഷം സ്നേഹയെ ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി മൊബൈൽ എടുത്തപ്പോഴേക്കും കമ്പനിയിൽ നിന്നും മാനേജർ വിളിക്കുന്നു! എന്നോടു ഇന്നു രാത്രിയിൽ തന്നെ ദുബൈയിൽ എത്തിചേരണമെന്ന് ഹെഡ് ഓഫീസിൽ മെയിൽ വന്നിരിക്കുന്നു. "നിന്‍റെ ടിക്കറ്റു മെയിൽ ചെയ്തിട്ടുണ്ട്‌, ഇന്നു വൈകുന്നേരം എട്ടു മണിക്കാണ്‌ ഫ്ലൈറ്റ്. മൂന്നു നാലു ദിവസത്തേക്കുള്ള ഡ്രസ്സ്‌ കരുതിക്കോണം.”, എന്നു പറഞ്ഞ് അയാൾ ഫോണ്‍ കട്ട്‌ ചെയ്തു.

ഇപ്പോൾ സമയം അഞ്ചു മണി കഴിഞ്ഞു. അച്ചായനെ വിളിച്ചു കാര്യം പറഞ്ഞു! പിന്നെ നേരെ എയർ പോർട്ടിലേക്ക് പോയി. പോകുന്ന വഴിക്കു ടിക്കെറ്റ് കോപ്പി പ്രിന്‍റ് എടുത്തു. സ്നേഹയെ മൊബൈലിൽ വിളിച്ചു നോക്കി കിട്ടുന്നില്ല! എയർ പോർട്ടിൽ ചെന്നു പാർക്കിങ്ങിനു വേണ്ടി നാലു ദിവസത്തെ രസീതും വാങ്ങി കാർ പാർക്ക്‌ ചെയ്ത്. ബാഗ്‌ എടുത്തു നേരെ ബോർഡിംഗ് പാസ്‌ എടുക്കുവാനായി കൗണ്ടറിൽ ചെന്നു. സ്നേഹയെ വിളിച്ചു നോക്കി, കിട്ടുന്നില്ല. ഫ്ലൈറ്റിൽ നിന്നും വിളിച്ചു നോക്കി, കിട്ടുന്നില്ല. ദുബായിൽ പോകുന്ന കാര്യം പറഞ്ഞു ഒരു മെസ്സേജ് അയച്ചു.

നാലു ദിവസത്തിനു ശേഷമാണു ഞാൻ തിരികെ എത്തിയത്. സ്നേഹയെ വിളിച്ചു നോക്കി, മൊബൈലിൽ കിട്ടുന്നില്ല. അവൾ നാട്ടിൽ പോയിക്കാണുമെന്നു കരുതി! നാളെയാണല്ലോ അവരുടെ വിവാഹം! ആശംസകൾ പറയാനായി മനുവിനെ വിളിച്ചു നോക്കി. അവനും ഫോണ്‍ എടുത്തില്ല. തിരക്കിൽ ആയിരിക്കും എന്നു കരുതി ഞാൻ പിന്നെ വിളിച്ചതുമില്ല. പിറ്റേ ദിവസവും വിളിച്ചു നോക്കി. ഒരു മറുപടിയും കിട്ടിയില്ല. കുറെ മെസ്സേജ് അയച്ചു നോക്കി. അതിനും പ്രതികരണമില്ലായിരുന്നു! അതിനുശേഷം ഇന്നാണ് അവൻ വിളിക്കുന്നത്‌. പുറകിൽ നിന്നും ആരോ ഹോണ്‍ മുഴക്കി കൊണ്ടിരുന്നു. മനുവിന്‍റെ ഓർമകളിലേക്ക് കാറും സഞ്ചരിച്ചു എന്നു തോന്നി. കാർ തെറ്റായ ദിശയിലേക്കു തിരിച്ചതു കൊണ്ടാണ് പുറകിൽ നിന്നും ഹോണ്‍ മുഴങ്ങിയത്‌.

മനു പറഞ്ഞപോലെ ഞങ്ങൾ സ്ഥിരമായി കാണാറുള്ള ഹലീഫ പാർക്കിൽ എത്തി, ഞാൻ അവന്‍റെ മൊബൈലിൽ വിളിച്ചു. അവൻ പറഞ്ഞതനുസരിച്ചു പത്താം നമ്പർ ബെഞ്ചു ലക്ഷ്യമാക്കി നീങ്ങി!

അകലെ നിന്നും ഞാൻ അവനെ കണ്ടു. അവൻ വല്ലാതെ ടെൻഷൻ അടിക്കുന്നപോലെ തോന്നി, ആകെ ക്ഷീണിച്ചു കോലം കെട്ടു. ഒരു മാസത്തിനുള്ളിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഞാൻ അവന്‍റെ അടുത്ത് എത്തിയിട്ടും അവൻ അറിഞ്ഞില്ല. "മനു.., മനു..." എന്നു തോളത്തു തട്ടി വിളിച്ചപ്പോളാണ്‌ ഞാൻ വന്നത് അവൻ അറിഞ്ഞത്!

"എന്തു പറ്റിയെടാ? എന്തൊരു കോലമാ ഇത്! നീ എന്താ പെട്ടന്നു വന്നത്‌? സ്നേഹ എവിടെ?"

മനു ഒന്നും മിണ്ടിയില്ല.

"എടാ നീ എന്തെങ്കിലും പറ, സ്നേഹ എവിടെ?"

ഒടുവിൽ വിങ്ങി പൊട്ടി അവൻ പറഞ്ഞു തുടങ്ങി.

"അവൾ...അവൾ ഇനി വരില്ല!"

"നീ എന്താ പറയുന്നേ, തെളിച്ചു പറയെടാ!"

"അതെ! അവൾ ഇനി വരില്ല. ഞാൻ പറയാറുള്ള മാലാഖക്കൂട്ടത്തിലേക്ക് ശരിക്കും മാലാഖ ആയി അവൾ പോയി! അവൾ ഇനി ഈ ലോകത്തേക്ക് വരില്ല. നല്ലൊരു ജീവിതം സ്വപ്നം കണ്ട ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല. വിവാഹത്തിനു അണിഞ്ഞൊരുങ്ങി നവവധു ആയി എത്തേണ്ട എന്‍റെ സ്നേഹ. പകരം എത്തിയത്‌ അവളുടെ നിശ്ചലമായ ശവശരീരം ആയിരുന്നു!"

"എന്താ! എന്താ പറഞ്ഞെ?! സ്നേഹ?"

"അതെടാ അവൾ മരിച്ചു!", ഇതു പറയുമ്പോൾ അവൻ വാവിട്ടു കരയുകയായിരുന്നു. ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതു കേട്ടപ്പോൾ എനിക്കും കരച്ചിൽ അടക്കാനായില്ല. ആളുകൾ ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു വിധത്തിൽ ഞാൻ അവനെ കാറിൽ കൊണ്ടു വന്നിരുത്തി. അവനോടു എന്തു പറയണം, എങ്ങനെ ആശ്വസ്സിപ്പിക്കണം എനിക്കറിയില്ലായിരുന്നു. ഭൂമി വിണ്ടു കീറി അതിലേക്കു വീണു പോയപോലെ തോന്നി. എങ്കില്‍ മനുവിന്‍റെ അവസ്ഥ എന്തായിരിക്കും! കുറെ നേരത്തേക്കു ഞങ്ങൾ മിണ്ടിയില്ല. അവന്‍റെ സങ്കടം കണ്ടിട്ടു സഹിക്കാൻ കഴിഞ്ഞില്ല.

പിന്നീട് ഞാൻ അവനോടു ചോദിച്ചു "എന്താ സ്നേഹക്ക് സംഭവിച്ചത്?"

"അവൾക്ക് ആക്സ്സിഡന്‍റ് പറ്റിയെന്നും, ഹോസ്പിറ്റലിൽ എത്തും മുൻപ് മരിച്ചു എന്നും ബോഡി നാട്ടിൽ എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു അവളുടെ വീട്ടിൽ കാൾ വന്നു! എന്‍റെ വീട്ടിൽ അറിഞ്ഞിട്ടും ആരും എന്നോടു ഒന്നും പറഞ്ഞില്ല. അതിനിടയിൽ ഞാൻ അവളെ മൊബൈലിൽ പല തവണ വിളിച്ചു നോക്കി കിട്ടുന്നില്ലായിരുന്നു. നിന്നെയും ഞാൻ വിളിച്ചു നോക്കി കിട്ടിയില്ല."

"നീ നാട്ടിൽ പോയ അന്നു എനിക്കു നാലു ദിവസത്തേക്ക് ദുബായിൽ പോകേണ്ടി വന്നു. അതാ വിളിച്ചിട്ടു കിട്ടാതിരുന്നത്. എന്നിട്ട്?"

"അമ്മാവൻ വന്നു പറഞ്ഞു നമുക്കു സ്നേഹയുടെ വീടു വരെ പോകണം. ഞാൻ സ്നേഹ നാട്ടിൽ എത്തിക്കാണും എന്നു വിചാരിച്ചു! അച്ഛന്‍റെയും അമ്മാവന്‍റെയും പെരുമാറ്റത്തിൽ പന്തി കേടു തോന്നിയെങ്കിലും, സ്നേഹയെ കാണാനുള്ള സന്തോഷത്തിൽ അതൊന്നും ഞാൻ ഗൌനിച്ചില്ല! നാളത്തെ ദിവസമാലോചിക്കുമ്പോൾ സമയം പോകുന്നതൊന്നും ഞാനറിയുന്നില്ല. ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരുപാട് നിമിഷങ്ങൾ പിറക്കുന്ന ദിവസമാണല്ലോ നാളെ.

അവളുടെ വീട്ടിൽ എത്തിയപ്പോൾ നളെ കല്ല്യാണം നടക്കാൻ പോകുന്ന വീടിൻറെ അന്തരീഷം ആയിരുന്നില്ല അവിടെ! മറിച്ച് അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും കരയുന്നതാണ് കാണാൻ കഴിഞ്ഞത്. അപ്പോഴും എനിക്കൊന്നും മനസിലായില്ലായിരുന്നു. ഞാൻ സ്നേഹയെ അവിടെല്ലാം നോക്കി കണ്ടില്ല. 'അച്ഛാ എന്താ? എന്താ കാര്യം', ഞാൻ എല്ലാരോടും ചോദിച്ചു ആരും ഒന്നും മിണ്ടിയില്ല. പെട്ടന്നാണു ഒരു ആംബുലൻസ് ഗേറ്റ് കടന്നു വീടിന്‍റെ മുറ്റത്ത്‌ വന്നു നിന്നത്‌ എനിക്ക് ഒരു പിടിയും കിട്ടിയില്ല. എല്ലാരും അങ്ങോട്ട് ഓടി, 'സ്നേഹേ... മോളെ', എന്ന നിലവിളി കേട്ടാണ് ഞാൻ ഞെട്ടി തരിച്ചു പോയത്!

ആംബുലൻസിൽ വന്നതു എന്‍റെ സ്നേഹയുടെ ബോഡി ആയിരുന്നു എന്നു വളരെ ഞെട്ടലോടെയാണ് ഞാൻ മനസിലാക്കിയത്. പിന്നെ ഞാൻ ഒന്നും മിണ്ടിയിട്ടില്ല. ഞങ്ങൾക്ക് ഒരുപാടു സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഉണ്ടായിരുന്നു, അതെല്ലാം നഷ്ടമായി. പലരും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതിലും വലുതായിരുന്നു എന്‍റെ വേദന. എനിക്കു അവളെ അങ്ങനെ കാണാൻ കഴിയുമായിരുന്നില്ല. നക്ഷത്രങ്ങക്കിടയിൽ നിന്നും അവൾ പുഞ്ചിരിച്ചാൽ നക്ഷത്രങ്ങൾ പോലും നാണിച്ചു പോകുന്ന അവളുടെ മുഖത്തിന്‍റെ ശോഭ! ആ വെളിച്ചം നഷ്ടപെട്ട മുഖം എനിക്കു കാണാൻ കഴിയില്ലായിരുന്നു! ഒടുവിൽ ദഹിപ്പിക്കാനായി അവളുടെ ബോഡി എടുത്തു കൊണ്ടു പോകുമ്പോൾ ഞാൻ മറ്റൊരു ലോകത്തായിരുന്നു. പിന്നീട് ഞാൻ ആരോടും ഒന്നും സംസാരിച്ചിട്ടില്ല! ആ കനല്‍ കത്തി തീരും മുന്‍പേ എന്‍റെ വീട്ടുകാർ എനിക്ക്‌ വേറെ ആലോചനകൾ നോക്കി തുടങ്ങിയിരുന്നു. അതു കൊണ്ടു വീട്ടിൽ ഞാൻ അധികം നിന്നില്ല. എന്‍റെ സ്നേഹയുടെ ഓർമകളുള്ള ഈ മണ്ണിലേക്കു ഞാൻ പെട്ടന്നു ഓടിവരുകയായിരുന്നു. ഇപ്പോഴും എന്‍റെ സ്നേഹ മരിച്ചിട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു,അവൾ ഇപ്പോഴും എന്‍റെ കൂടെയുണ്ട്."

ഇതു പറയുമ്പോൾ അവന്‍റെ കണ്ണിൽ നിന്നും കണ്ണുനീർ തുളളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു!

മനു പറഞ്ഞ അറിവുമാത്രമുള്ള, ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത സ്നേഹയെന്ന ആ സഹോദരിയുടെ മരണം എന്നെയും വളരെ വേദനിപ്പിച്ചു. നീ വിഷമിക്കരുത് എന്നു മാത്രമേ അവനോടു പറയാൻ കഴിയുമായിരുന്നുള്ളൂ!

അതിനിടയിൽ അച്ചു എന്‍റെ മൊബൈലിൽ വിളിച്ചു! "അനിലേട്ടൻ എവിടെയാ?"

അവളുടെ ചോദ്യം കേട്ട് എനിക്കു ദേഷ്യം വന്നു, "ഞാൻ പിന്നെ വിളിക്കാം അച്ചു. ഇപ്പോൾ തിരക്കിലാണ്" എന്നു പറഞ്ഞപ്പോൾ, "ഓ തിരക്കുണ്ടല്ലെ? എന്നെ ഇത്രയും സങ്കടത്തിൽ ആക്കിയപ്പോൾ അനിലേട്ടനു സന്തോഷമായല്ലോ അല്ലെ?"

"എന്‍റെ അച്ചു നീ സാഹചര്യം മനസിലാക്കി സംസാരിക്കൂ!"

"എനിക്കു സാഹചര്യം ഒന്നും അറിയില്ലേ!", എന്നു പറഞ്ഞ് അവൾ ഫോണ്‍ കട്ട് ചെയ്തു!

"ഞാൻ തന്നെയാ അവളെ വഷളാക്കിയത്, ഇപ്പോൾ ഞാൻ പറയുന്നതൊന്നും അവൾ അനുസരിക്കുന്നില്ല!"

ഇതെല്ലം മനു കേൾക്കുന്നുണ്ടായിരുന്നു. "എന്താടാ നീയും അച്ചുവും ആയി പ്രശ്നം?"

നടന്ന കാര്യങ്ങൾ എല്ലാം മനുവിനോട് വിശദമായി പറഞ്ഞു.

"ഫോട്ടോ അയച്ചപ്പോൾ അതിൽ പെണ്ണോ? എവിടെ ആ ഫോട്ടോ, ഞാൻ കാണട്ടെ?"

ഞാൻ എടുത്ത ഫോട്ടോ അവനെ കാണിച്ചു. അവൻ അതിൽ നോക്കിയിട്ട് ആരെയും കണ്ടില്ല! "ഇതിൽ പെണ്ണൊന്നും ഇല്ല! നീ ആ ഫോട്ടോ എനിക്കു അയച്ചു താ, നോക്കട്ടെ!"

പെട്ടന്നാണു മനു എന്‍റെ കൈയ്യിൽ ഇരുന്ന മൊബൈൽ ശ്രദ്ധിച്ചത്! "ഇതു സ്നേഹയുടെ മൊബൈൽ ആണല്ലോ! ഇതെങ്ങനെ നിന്‍റെ കൈയ്യിൽ വന്നു?"

"ഇത് സ്നേഹയുടെ മൊബൈലോ? എനിക്കൊന്നും മനസിലാകുന്നില്ല!"

"നീ മൊബൈലിന്‍റെ പുറകിലുള്ള മാലാഖയുടെ ഡിസൈൻ ശ്രദ്ധിച്ചോ? അതു ഞാൻ ഈ മൊബൈല്‍ അവൾക്കു കൊടുത്തപ്പോൾ പ്രത്യേകം ഡിസൈൻ ചെയ്ത ഈ മാലാഖയുടെ ചിത്രവും കൂട്ടത്തിൽ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന S, M ലെറ്ററും നീ കണ്ടോ? ഇതു എന്‍റെ സ്നേഹയുടെ മൊബൈല്‍ തന്നെയാ! നിനക്കു ഇതെവിടുന്നു കിട്ടി?"

"എടാ അത്, എന്‍റെ മൊബൈല്‍ രണ്ടാഴ്ച മുമ്പ് എവിടെയോ നഷ്ടപെട്ടു. ഞാൻ കുറെ തിരക്കിയിട്ടും മൊബൈല്‍ കണ്ടെത്താൻ കഴിഞ്ഞില്ല. പകരം മറ്റൊരു മൊബൈൽ വാങ്ങാതെ നിവൃത്തി ഇല്ലാതായി! പുതിയ മൊബൈൽ വാങ്ങാനുള്ള കാശ് ഇല്ലാത്തതിനാൽ ഞാൻ നമ്മുടെ ബംഗാളി സൂക്കിൽ പോയി സെക്കന്‍റ് ഹാൻഡ് മൊബൈൽ വാങ്ങി! ഇതിന്‍റെ പുറകിലുള്ള ഈ ഡിസൈൻ തന്നെയാ എന്നെയും ആകർഷിച്ചത്. പിന്നെ കണ്ടിട്ടു പുതിയ മൊബൈൽ ആണെന്നു തോന്നി. അതുകൊണ്ട്‌ വേറെ ഒന്നും നോക്കിയില്ല, ഇതു തന്നെ എടുത്തു! അല്ല, സ്നേഹയുടെ മൊബൈൽ എങ്ങനെ അവിടെയെത്തി?"

"അറിയില്ല. പക്ഷേ ഒരു കാര്യം, അവൾക്കു നമ്മൾ അറിയാത്ത എന്തോ സംഭവിച്ചിട്ടുണ്ട്! നീ ആ ഫോട്ടോ എന്‍റെ മൊബൈലിലേക്ക് അയക്കൂ."

മനു പറഞ്ഞതനുസരിച്ച് ഞാൻ എടുത്ത ഫോട്ടോ അവന്‍റെ വാട്സ്അപ്പിൽ അയച്ചു കൊടുത്തു! ഫോട്ടോ കണ്ടതും അവൻ ഞെട്ടി പോയി!

"ടാ നിന്‍റെ ഫോട്ടോയിൽ ഉള്ള ആ പെണ്ണ് എന്‍റെ.. എന്‍റെ സ്നേഹയാടാ..!". അവനു സന്തോഷവും സങ്കടവും എല്ലാം ഒരുപോലെ വന്നു! അവൻ എനിക്ക് ആ ഫോട്ടോ കാണിച്ചു തന്നു. അതു കണ്ടതും ഞാൻ ഷോക്ക്‌ അടിച്ചതു പോലെ ആയി. ഞാൻ എടുത്ത ഫോട്ടോയിൽ, എന്‍റെ തൊട്ടു പുറകിൽ സ്നേഹ നിൽക്കുന്നു. എനിക്കിതു വിശ്വസിക്കാൻ പറ്റിയില്ല! അച്ചുവും അച്ചായനും പറഞ്ഞത്‌ ശരിയാണല്ലോ!

"ടാ ഞാൻ പറഞ്ഞില്ലേ, എന്‍റെ സ്നേഹ മരിച്ചിട്ടില്ല എന്ന്! അവൾ ഇപ്പോഴും എന്‍റെ കൂടെയുണ്ട്‌!"

"അതെ, അല്ലെങ്കിൽ എന്‍റെ മൊബൈൽ നഷ്ടപെടാനും, ഞാൻ പോയി സ്നേഹ ഉപയോഗിച്ച ഈ മൊബൈൽ തന്നെ വാങ്ങാനും. അവൾക്കു നമ്മളെ എന്തോ അറിയിക്കാനുണ്ട്, അതു സത്യമാണ്!

"എനിക്കും തോന്നുന്നു, ഇതിൽ എന്തോ ദുരൂഹത? നീ മൊബൈൽ വാങ്ങിയ കടയിൽ പോയി തിരക്കിയാലോ? ഈ മൊബൈൽ എങ്ങനെ അവിടെ എത്തിയെന്നു അറിയാൻ കഴിയും."

"ശരിയാണ് നമ്മുക്ക് നേരെ ബംഗാളി സൂക്കിലേക്ക് പോകാം."

പോകുന്ന വഴിക്കു മനുവിന്‍റെ മൊബൈൽ വാങ്ങി ഞാൻ ആ ഫോട്ടോ കണ്ടു. മനു പറഞ്ഞത്‌ ശരിയാണ്, അവൾ മാലാഖ തന്നെയാണ്! അവൾക്ക് എന്താ സംഭവിച്ചത്‌? ചിന്തകൾ എന്നെ വേട്ടയാടി! അവന്‍റെ മുഖത്തേക്ക് നോക്കുമ്പോൾ അതിലും സങ്കടം.

ഞങ്ങൾ ബംഗാളി സൂക്കിലെത്തി. ഞാൻ മനുവിനെ കാറിൽ ഇരുത്തി മൊബൈൽ വാങ്ങിയ കടയിലേക്ക്‌ പോകാനൊരുങ്ങുമ്പോൾ അവൻ സ്നേഹയുടെ മൊബൈൽ വാങ്ങി, നീ പോയിട്ടു വാ എന്നു പറഞ്ഞു! ഏകദേശം ഇരുപതു മിനിറ്റിനു ശേഷം ഞാൻ തിരിച്ചെത്തി. മനു കാറിലിരുന്നു കരയുകയായിരുന്നു. "എടാ കരയരുത്" എന്നു പറഞ്ഞപ്പോൾ അവന്‍റെ മൊബൈൽ എനിക്കു കാണിച്ചു തന്നിട്ട്, "ടാ എന്‍റെ സ്നേഹ, എന്‍റെ കൂടെ തന്നെയുണ്ട്. ദാ നോക്കെടാ"

ശരിയാണ്‌ അവൻ കാറിൽ വച്ചെടുത്ത സെൽഫിയിലും അവന്‍റെ ഒപ്പം സ്നേഹ ഉണ്ടായിരുന്നു. "ദൈവമേ നീ അവനെ സങ്കടപ്പെടുത്തിയിട്ടും, അവന് ഇപ്പോൾ ഇങ്ങനെയെങ്കിലും സൗഭാഗ്യം നല്കിയല്ലോ. നിനക്കു നന്ദി!"

"ടാ നീ പോയ കാര്യം എന്തായി?"

"അവർ പറഞ്ഞത്, പുതിയതും പഴയതുമായ വിപണയിൽ ഇറങ്ങുന്ന ഏതു മൊബൈലും സെക്കന്‍റ് ഹാൻഡ്‌ മൊബൈൽ ആയി ഇവിടെ കൊണ്ടു വരാറുമുണ്ട്,വിൽക്കാറുമുണ്ട്‌! അതിൽ നിങ്ങൾ വാങ്ങിയ മൊബൈല്‍ ആരു കൊണ്ടുവന്നതാണ്, വിറ്റതാണ് എന്നൊന്നും പറയാൻ പറ്റില്ല. പിന്നെ അവർ ഒരു കാര്യം പറഞ്ഞു, ഇത് ഫോണിൻറെ ഉടമ വിറ്റ മൊബൈൽ അല്ല. മോഷ്ടിച്ചു കൊണ്ടു വന്നതാണെന്ന് പറഞ്ഞു! കാരണം അവിടെ കിട്ടുന്ന മൊബൈൽ എല്ലാം ഇങ്ങനെ വരുന്നതാണ്‌.

ഞാൻ ഫോണിന്‍റെ ഡിസൈൻ മറ്റും പറഞ്ഞപ്പോൾ അയാൾക്ക്‌ ഓർമ വന്നു. കഴിഞ്ഞ മാസം പതിമൂന്നാം തീയതി ഒരു ബംഗാളിയാ അവിടെ കൊണ്ടു പോയി വിറ്റതെന്ന് അറിയാൻ കഴിഞ്ഞു! എന്തായേലും അതു വേറെ കൈകളിൽ എത്തും മുൻപ് എന്‍റെ കൈയ്യിൽ കിട്ടിയല്ലോ ഭാഗ്യം! ടാ മനു നമ്മുക്ക് സ്നേഹ വർക്ക്‌ ചെയ്ത ഹോസ്പിറ്റലിൽ ഒന്നു തിരക്കി നോക്കിയാലോ, എന്തെങ്കിലും വിവരം അറിയാൻ കഴിയും!"

ഞങ്ങൾ നേരെ ഹോസ്പിറ്റലിൽ എത്തി. റിസെപ്ഷനിൽ ചെന്നു സ്നേഹയെ കുറിച്ചുള്ള വിവരങ്ങൾ തിരക്കി. സ്നേഹയെ പറ്റി എന്തെങ്കിലും വിവരം അറിയണമെങ്കിൽ മാനേജറെ പോയി കണ്ടാൽ മതി എന്നുപറഞ്ഞു ഞങ്ങളെ അവിടെ നിന്നും പറഞ്ഞു വിട്ടു. അവർ പറഞ്ഞതനുസരിച്ച് ഞങ്ങൾ നേരെ മാനേജരുടെ റൂമിൽ എത്തി. കയറി ചെന്നതും, "നിങ്ങൾക്കു സ്നേഹയെ പറ്റി എന്താ അറിയേണ്ടത്?" (ഞങ്ങൾ എത്തും മുൻപേ അവർ കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു)

"ഞാൻ മനു. ഞാനാണു സ്നേഹയെ വിവാഹം കഴിക്കാനിരുന്നത്.", പക്ഷേ അതു പറഞ്ഞു വന്നപ്പോൾ അവൻ അറിയാതെ കരഞ്ഞു പോയി. സങ്കടം ഉള്ളിലൊതുക്കി അവൻ വീണ്ടും പറഞ്ഞു തുടങ്ങി. "എന്‍റെ സ്നേഹക്ക് എന്താ സംഭവിച്ചതു? എനിക്കറിയണം."

"ഹേയ് മിസ്റ്റർ, നിങ്ങൾ പോലീസുകാർ ചോദ്യം ചെയ്യുന്ന പോലെ ചോദിച്ചാൽ ഞാൻ മറുപടി പറയണോ? പിന്നെ സ്നേഹ, അവൾ നാട്ടിൽ പോകുന്നതിനു മുൻപ് ഇവിടെ എന്തെല്ലാം കുഴപ്പങ്ങളാണ് ഉണ്ടാക്കിയത്! അപ്പോഴേ ഞങ്ങൾ ഊഹിച്ചതെ ഉള്ളൂ ഇവൾ അധികകാലം ഉണ്ടാകില്ല എന്ന്! ചിന്തിച്ചു തീർന്നില്ല അടുത്ത ദിവസം ഏതോ വണ്ടി ഇടിച്ചു പാവത്തിന്‍റെ കാറ്റു പോയി..! ഹ ഹാ ഹാ..."

അയാളുടെ മറുപടി കേട്ടിട്ടു മനു ചാടി എഴുന്നേറ്റു. പ്രശ്നം വഷളാകുമെന്നു കരുതി ഞാൻ അവനെ തടഞ്ഞു. ഇതിനിടയിൽ ഒരു നേഴ്സ് അയാളുടെ റൂമിലേക്ക് കയറി വന്നു. കൈയ്യിൽ ഇരുന്ന ഫയൽ നീട്ടി അതിൽ അയാളുടെ ഒപ്പു വാങ്ങി. തിരിച്ചു പോകാൻ നേരം മനുവിനെ അവർ വളരെ നേരം നോക്കി നിന്നു. അവർക്ക് മനുവിനോട് എന്തോ പറയാനുള്ളത് പോലെ തോന്നി. അവർ പുറത്തു പോയതും അയാൾ ഞങ്ങളോടു വളരെ ദേഷ്യത്തോടെ സംസാരിച്ചു.

"നീയൊക്കെ വന്നതു വന്നു. ഇനി മേലാൽ സ്നേഹ, കോപ്പ് എന്നൊക്കെ പറഞ്ഞു ഇവിടെ കണ്ടു പോകരുത്. ഇറങ്ങി പോടാ വെളിയിൽ!"

ഒന്നും മിണ്ടാതെ ഞാൻ മനുവുമായി പുറത്തിറങ്ങി!

"നീ എന്തിനാ എന്നെ തടഞ്ഞതു ഞാൻ അയാൾക്ക്‌ രണ്ടെണ്ണം പോട്ടിച്ചേനെ!"

"ശരിയാണ്, എനിക്കും തോന്നിയതാ. പക്ഷേ ആ സമയത്തു നമ്മൾ അങ്ങനെ ചെയ്‌താൽ പ്രശ്നം കൂടുതൽ വഷളാകും!"

നേരത്തെ മാനേജരുടെ റൂമിൽ വെച്ചു കണ്ട നേഴ്സ് ഞങ്ങളെ കാത്തു വെളിയിൽ നില്പ്പുണ്ടായിരുന്നു. മനുവിനെ കണ്ടതും അവർ ചോദിച്ചു, "മനു അല്ലെ?"

അതെയെന്നു അവൻ മറുപടി പറഞ്ഞു.

"ഞാൻ സുറുമി. സ്നേഹയുടെ കൂട്ടുകാരിയാ. നമ്മൾ തമ്മിൽ നേരിട്ടു പരിചയം ഇല്ലെങ്കിലും സ്നേഹ എനിക്കു മനുവിന്‍റെ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്. പിന്നെ ഒരിക്കൽ നമ്മൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്. മനു ഓർക്കുന്നുണ്ടോ?"

"ഞാൻ ഓർക്കുന്നു, സ്നേഹയുടെ റൂം മേറ്റ്‌ സുറുമി! എനിക്കറിയാം. എന്‍റെ സ്നേഹക്ക് എന്താണ് സംഭവിച്ചത്?"

"അതു പറയുവാൻ വേണ്ടിയാണ് ഞാൻ പുറത്തു കാത്തു നിന്നത്. പക്ഷേ ഇവിടെ വെച്ച് ഒന്നും സംസാരിക്കാൻ പറ്റില്ല. ആരെങ്കിലും കണ്ടാൽ എന്‍റെ ജോലി നഷ്ടമാകും. പത്തു മിനിട്ടു കഴിഞ്ഞാൽ ഡ്യൂട്ടി തീരും നിങ്ങൾ തൽക്കാലം പാര്‍ക്കിംഗ് ഏരിയയിൽ വെയിറ്റ് ചെയൂ ഞാൻ ഉടനെ എത്താം."

പത്തു മിനിറ്റിനു ശേഷം സുറുമി എത്തി. സുറുമിയെ കണ്ടതും മനു ചോദിച്ചു, "എന്‍റെ സ്നേഹക്ക് എന്താണ് സംഭവിച്ചത്"

"നിങ്ങൾ കരുതുന്ന പോലെ അവൾ അപകടത്തിൽ മരിച്ചതല്ല, അവളെ കൊന്നതാണ്!!"

മനുവും ഞാനും ശരിക്കും ഞെട്ടി! "എന്തിനു വേണ്ടിയാ എന്‍റെ സ്നേഹയെ കൊന്നത്? ആരാ അതു ചെയ്തത്?"

"എല്ലാം ഞാൻ പറയാം! ഹോസ്പിറ്റലിൽ നടക്കുന്ന സകല വൃത്തികേടുകൾക്കും,അഴിമതികൾക്കും അറിയാതെ ഞങ്ങളും ഇരകളായിട്ടുണ്ട്. ഒടുവിൽ സത്യാവസ്ഥ മനസിലാക്കിയപ്പോൾ ഞങ്ങൾ അതിനെതിരെ പ്രതികരിച്ചു. പക്ഷേ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വളരെ മോശമായ പ്രതികരണം ആയിരുന്നു! 'നിങ്ങൾ ഇതിനെതിരെ ശബ്ദിച്ചാൽ കള്ള കേസിൽ കുടുക്കി ജയിലിൽ കയറ്റും' എന്നു ഭീഷണികളും മറ്റും മുഴക്കി. അവർ ധാരാളം പണം വാരിയെറിഞ്ഞു ഇവിടുത്തെ പോലീസിനെയും കൈക്കലാക്കി. ഇതിനിടയിൽ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ തന്നെ ധാരാളം പണം കൊടുത്തു കൂട്ടത്തില്‍ ചേര്‍ത്തു! ഞാനും സ്നേഹയും മാത്രമേയുള്ളൂ അവരുടെ പ്രലോഭനങ്ങളിൽ വീഴാത്തത്. അതുകൊണ്ടു തന്നെ ഞങ്ങൾ അവരുടെ നോട്ടപ്പുള്ളികളായി. ഇതിനിടയിൽ ഹോസ്പിറ്റലിനെതിരെ പരാതി കൊടുക്കുവാൻ സ്നേഹ ഒരുങ്ങി. പക്ഷേ പിന്നീടു ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി ഞാൻ അവളെ പറഞ്ഞു മനസിലാക്കിയപ്പോൾ അവൾ അതിൽ നിന്നും പിൻമാറി!

സ്നേഹ നാട്ടിൽ പോകുന്ന ദിവസമെത്തി. പാസ്പോർട്ടും ടിക്കെറ്റും വാങ്ങാനായി ഹോസ്പിറ്റലിൽ എത്തിയപ്പോൾ മാനേജ്മെന്‍റ് ഓരോ കാരണങ്ങൾ പറഞ്ഞ് അതു കൊടുക്കുവാൻ തയ്യാറായില്ല. അങ്ങനെ അവളുടെ ആദ്യ ദിവസത്തെ യാത്ര മുടങ്ങി. അവൾ വല്ലാത്ത വിഷമത്തിൽ ആയിരുന്നു. മനു ഇടയ്ക്ക് വിളിച്ചു കാര്യങ്ങൾ തിരക്കിയാൽ വിഷമിക്കുമെന്നു കരുതി അവൾ മൊബൈൽ സ്വിച്ച് ഓഫ്‌ ആക്കി വെച്ചു!

അടുത്ത ദിവസവും അവൾ ഹോസ്പിറ്റലിൽ പോയിരുന്നു. 'എന്‍റെ വിവാഹം ആണു രണ്ടു ദിവസം കഴിഞ്ഞാൽ ദയവായി നിങ്ങൾ എന്‍റെ പാസ്പോർട്ടും ടിക്കെറ്റും തരണം' എന്നു അവൾ കരഞ്ഞു പറഞ്ഞു. എന്നിട്ടും അവർ അതു ചെവികൊണ്ടില്ല! പക്ഷേ അന്നും അവൾക്കു നാട്ടിലേക്കു മടങ്ങുവാൻ സാധിച്ചില്ല! പിറ്റേ ദിവസം അവൾ വളരെ കണക്കുകൾ കൂട്ടിയാണ് ഹോസ്പിറ്റലിൽ പോയത്. പാസ്‌ പോർട്ടും ടിക്കെറ്റും കിട്ടിയില്ലെങ്കിൽ അവൾ ഹോസ്പിറ്റലിനെതിരെ തയ്യാറാക്കിയ റിപ്പോർട്ട്‌ ഗവർമെന്റിലേക്കു അയക്കുമെന്നു പറഞ്ഞു ഹോസ്പിറ്റൽ മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി! ഒടുവിൽ അവർ പാസ്സ്പോർട്ടും ടിക്കെറ്റും നൽകി.

പക്ഷേ ആ ടിക്കെറ്റും പാസ്സ്പോർട്ടും നാട്ടിലേക്കു മടങ്ങാനുള്ളതായിരുന്നില്ല എന്നു പിന്നീടാണ് എനിക്കു മനസിലായത്! അന്നു തന്നെ ടിക്കെറ്റ് ചേഞ്ച്‌ ചെയ്തു നാട്ടിലേക്കു വരാനിരിക്കെയാണ് ആ ദുരന്തം വന്നു ചേർന്നത്‌! ബാഗുമായി സ്നേഹ അഞ്ചു മിനിട്ടു മുൻപേ റൂമിൽ നിന്നു ഇറങ്ങി. ഞാൻ റൂം പൂട്ടി സ്നേഹയുടെ പുറകെ ഇറങ്ങി.

കാർ വരാൻ കാത്തു നിൽക്കുമ്പോൾ അതിവേഗതയിൽ വന്ന മറ്റൊരു വാഹനം അവളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യത്തെ ഇടിയിൽ അവൾ മരിച്ചില്ലെന്നു അവർ മനസിലാക്കിയപ്പോൾ വീണ്ടും ഒന്നു കൂടി അവളുടെ ദേഹത്തു കൂടി വണ്ടി കയറ്റിയിറക്കി. ഈ കാഴ്ച കണ്ടു കൊണ്ടാണ് ഞാൻ ഓടി എത്തുന്നത്‌. ഇടിച്ച വാഹനം സ്പീഡിൽ ഓടിച്ചു പോയി. വണ്ടി ഓടിച്ചിരുന്ന ആളെ ഞാൻ ഹോസ്പിറ്റലിൽ വച്ചു മാനേജരുടെ കൂടെ പല തവണ കണ്ടിട്ടുണ്ട്‌! ഒടുവിൽ ചോരയിൽ കുതിർന്ന എന്‍റെ സ്നേഹയെ കാണുമ്പോൾ അവൾക്കു എന്തോ പറയാനുണ്ടായിരുന്നു. മനു... മനു... എന്നു മാത്രമേ അവൾക്കു പറയാൻ സാധിച്ചുള്ളൂ. അപ്പോഴേക്കും അവൾ നമ്മളെ വിട്ടു പോയിരുന്നു!"

സുറുമി പറഞ്ഞു തീർന്നതും മനു വാവിട്ടു കരയുകയായിരുന്നു. മനുവിന്‍റെ കരച്ചിൽ കണ്ടിട്ടു സുറുമിയും കരഞ്ഞു. ഒരു കൂട്ടക്കരച്ചിൽ ഒഴിവാക്കി ഞാൻ അവരെ സമാധാനിപ്പിച്ചു!

"ആ സംഭവത്തിടയിൽ വെച്ചു അവളുടെ ബാഗും മൊബൈലും എവിടെയോ നഷ്ടപ്പെട്ടു! മനുവിനെ നടന്ന വിവരങ്ങൾ അറിയിക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇപ്പോൾ നിങ്ങളോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ തന്നെ ഒരു ഭാരം ഇറക്കി വച്ചതു പോലെ തോന്നി. നാളെ സ്നേഹയെപ്പോലെ ചിലപ്പോൾ ഞാനും..."

"ഹേയ് എന്താ സുറുമി, ഇങ്ങനെയൊക്കെ സംസാരിക്കുന്നെ?"

"അതല്ല മനു, സ്നേഹ മരിച്ചതിന്‍റെ പിറ്റേ ദിവസം എന്നെ മാനേജർ വിളിപ്പിച്ചു. ഞാൻ ചെന്നതും അയാൾ എന്നെ ഭീഷണിപ്പെടുത്തി, 'നീ കണ്ട കാര്യം പുറത്തു പറയരുത്! പറഞ്ഞാൽ അവളെക്കാൾ ദാരുണം ആയിരിക്കും നിന്‍റെ അന്ത്യം!', ഞാൻ ആകെ പേടിച്ചു പോയി! ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ഇപ്പോൾ നിങ്ങളെ കണ്ടു എല്ലാം അറിയിച്ചപ്പോൾ എന്‍റെ ഉള്ളിലെ ഭയം മാറിയതു പോലെ തോന്നുന്നു. ഇനി എനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല.

"സുറുമി പേടിക്കരുത് ഇനി ഞാനും അനിയും കൂടെ ഉണ്ടാവും. എന്‍റെ സ്നേഹയുടെ അവസ്ഥ സുറുമിക്കും വരരുത്."

പെട്ടന്നു സുറുമിയുടെ മൊബൈൽ റിംഗ് ചെയ്തു, "എനിക്കു റൂമിൽ പോകാനുള്ള വണ്ടി വന്നു ഞാൻ പോകട്ടെ."

സുറുമി പോകും മുൻപ് അവളുടെ മൊബൈൽ നമ്പർ മനു വാങ്ങി, "സുറുമി വിഷമിക്കരുത്! ഞാൻ വിളിക്കാം, സന്തോഷമായി പോകൂ..."

സുറുമി പോയതും, "ടാ അനി എന്‍റെ സ്നേഹ, ഞാൻ വിഷമിക്കരുത് എന്നു കരുതി അവൾ എന്നോടു ഒന്നും പറഞ്ഞില്ലല്ലോ? ഞാൻ ആണെങ്കിൽ ഒന്നും അറിയാതെ നാട്ടിൽ കയറി പോയല്ലോട! ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്‍റെ സ്നേഹ എന്‍റെ കൂടെ ഉണ്ടാകുമായിരുന്നു അല്ലെ!"

"മനു, ദൈവത്തിന്റെ വിധി അതു നമ്മുക്കു മറി കടക്കാൻ ആവില്ല! ഒരു നിമിഷം കൊണ്ടു ദൈവം നമ്മുക്കു നൽകുന്ന ക്രൂരത. ആ ക്രൂരതയിൽ ഒപ്പമുള്ളവർ വേദനിക്കുമ്പോൾ നാം അതിനു പേര് നൽകി 'വിധി' എന്ന്!"

ഇതിനിടയിൽ അച്ചായൻ എന്നെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു.

"ഹലോ, അച്ചായ"

"നീ എവിടെയാ?"

"അച്ചായ ഞാൻ മനുവിന്‍റെ ഒപ്പമാണ്. ഞാനും മനുവും ഉടനെ റൂമിലേക്ക്‌ വരാം, അച്ചായാൻ റൂമിൽ ഉണ്ടാകുമല്ലോ അല്ലെ?"

"ഞാൻ റൂമിലുണ്ട്, നീ പെട്ടെന്നു വാ!"

മൊബൈൽ കട്ട് ചെയ്തു ഞങ്ങൾ നേരെ എന്‍റെ റൂമിലേക്ക് പോയി. റൂമിൽ എത്തി അച്ചായനോട് നടന്ന കാര്യങ്ങൾ തെളിവു സഹിതം വിശദമായി പറഞ്ഞു. മനുവിന്‍റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അച്ചായനും വളരെ വിഷമം ആയി.

"അച്ചായ, എന്‍റെ കാര്യം അവിടെ നിൽക്കട്ടെ! നമ്മുടെ അനിയുടെ കാര്യം ഇപ്പോഴും പ്രശ്നത്തിലാണ് നമുക്ക് അതൊന്നു ക്ലിയർ ആക്കണ്ടേ?"

"ഇതിപ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ?", അച്ചായൻ ചോദിച്ചു!

"വിശ്വസിക്കും, ഇല്ലെങ്കിൽ ഞാൻ വിശ്വസിപ്പിക്കും. ഞാനും സ്നേഹയും കാരണം എന്‍റെ അനിയുടെ ജീവിതം ഒരിക്കലും ബുദ്ദിമുട്ടിലാക്കില്ല! ഞാൻ അവന്‍റെയും അച്ചുവിന്‍റെയും വീട്ടിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും പിന്നെ എനിക്കു അച്ചായന്‍റെ സഹായം കൂടി വേണ്ടി വരും!"

"ഉറപ്പായിട്ടും എന്‍റെ മക്കളുടെ കാര്യത്തിനു ഞാൻ അല്ലാതെ പിന്നെ ആരാ കൂടെയുണ്ടാവുക!", ഞങ്ങളെ രണ്ടുപേരെയും ചേർത്തു നിറുത്തി അച്ചായൻ പറഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം എന്‍റെ വീട്ടിൽ നിന്നും അച്ചുവിന്‍റെ വീട്ടിൽ നിന്നും വിളി വന്നു. കാര്യങ്ങൾ എല്ലാം അവർക്ക് ബോധ്യമായി! അച്ചു എന്നോട് മാപ്പു ചോദിച്ചു, "അനിലേട്ടൻ എന്നോടു ക്ഷമിക്കണം, ഞാൻ കാര്യങ്ങൾ ഒന്നും മനസിലാക്കാതെ അനിലേട്ടനെ വളരെയധികം വേദനിപ്പിച്ചു."

"ഹേയ്, എന്താ അച്ചു ഇത്? നിന്‍റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെയേ പെരുമാറൂ. ഞാൻ അതൊക്കെ എപ്പോഴേ മറന്നു!"

പിന്നീടുള്ള ദിവസങ്ങൾ കല്യാണത്തിനു നാട്ടിൽ പോകുവാനുള്ള തിരക്കിൽ ആയിരുന്നു ഞാൻ. മനു എന്നെ എയർ പോർട്ടിൽ കൊണ്ടുവന്നു വിട്ടു. ഞാൻ വരും മുൻപ് അവൻ ഒരു കാര്യം മാത്രമാണ് എന്നോട് ആവശ്യപെട്ടത് - 'എന്‍റെ കൈയ്യിൽ ഉള്ള സ്നേഹയുടെ മൊബൈൽ!' അവൻ അതു ചോദിക്കുന്നതിനു മുൻപായിട്ട് അവനു കൊടുക്കുവാനായി ഞാൻ അതു മാറ്റി വെച്ചിരിന്നു! ഞാൻ മൊബൈൽ അവനു കൊടുത്തപ്പോൾ അതിനു പകരമായി അവൻ എനിക്കൊരു പുതിയ മൊബൈൽ വച്ചു നീട്ടി! അതു കണ്ടതും ഞാൻ അവനെ വഴക്കു പറഞ്ഞു.

"സാരമില്ലെട! അനി, ഇതു നീ വാങ്ങണം. എന്‍റെ വിവാഹ സമ്മാനമായി അച്ചുവിനു ഇതു കൊടുക്കണം."

യാത്ര പറഞ്ഞു പിരിയുമ്പോൾ മനുവിനോട് എനിക്കു പലതും ചോദിക്കാനുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ എന്തെങ്കിലും പറഞ്ഞാൽ അതു ഞാൻ അവനോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. അവന്‍റെ ഹൃദയത്തെ വീണ്ടും മുറിവേല്‍പ്പിക്കുന്നതിനു തുല്യമായിരിക്കും. സത്യം ഞങ്ങളെ അറിയിക്കാൻ വേണ്ടി മാത്രം ആയിരിക്കാം ഒരുപക്ഷേ സ്നേഹയുടെ മുഖം ഫോട്ടോയിൽ വന്നത്. ഇനിയും അവന്‍റെ ജീവിതത്തിലേക്കു സ്നേഹ കടന്നുവരുമോ? വന്നാല്‍ എത്ര കാലം വരെ? അറിയില്ല. ഒന്നുകില്‍ അവന്‍ മറ്റൊരു ജീവിതം ആഗ്രഹിക്കുന്നതു വരെ! കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടാകില്ല. അപ്പോള്‍ അവൻ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാതിരിക്കില്ല!

അങ്ങനെ എന്‍റെ വിവാഹത്തിന്‍റെ തയ്യാറെടുപ്പുകൾ ഒക്കെ ശരവേഗത്തിൽ നടന്നു. എന്‍റെ വിവാഹദിവസം... ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാനുള്ള ഒരു ദിനത്തെ ആഘോഷമാക്കി മാറ്റിയ ചടങ്ങുകൾ... ഫോട്ടോഗ്രാഫറുകളുടെ ഇടയില്‍ നിന്നും രക്ഷപെട്ട് നില്‍ക്കുകയാണ് ഞാനും അച്ചുവും.

പെട്ടെന്നാണ് എന്‍റെ മൊബൈലിൽ മനുവിന്‍റെ ഒരു മെസ്സേജ് വന്നത്. ഞാനത് അച്ചുവിന്‍റെ കൈയ്യിൽ കൊടുത്തു അച്ചു മെസ്സേജ് വായിച്ചു. "എനിക്കും അച്ചുവിനും വിവാഹ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു". അച്ചു അത് വായിച്ചതും അവളുടെ മുഖഭാവം മാറിമറിയുന്നത് ഞാൻ ശ്രദ്ധിച്ചു.

"മനുവേട്ടൻ ആശംസകള്‍ക്കൊപ്പം ഒരു സെല്ഫിയും കൂടി അയച്ചിട്ടുണ്ട്", അല്പം ഇടറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു നിര്‍ത്തി; അപ്പോളാണ് ഞാന്‍ ഫോട്ടോ ശ്രദ്ധിച്ചത് മനുവിനു ഒപ്പം സ്നേഹയും ഉണ്ടായിരുന്നു ഫോട്ടോയില്‍. അവൾ സര്‍വ്വാഭരണവിഭൂഷിതയായി, മണവാട്ടിയായി മനുവിനൊപ്പം നില്‍ക്കുന്നു! 'ഓര്‍മ്മയിൽ മരിച്ചുപോയ മെഴുകുതിരികളുടെ മണംനിറഞ്ഞു പിരിഞ്ഞുപോയിട്ടും പറിച്ചെറിയാന്‍ ആകാത്ത മുറിവേറ്റ വാക്കാണ്‌ പ്രണയം", കവി വാക്യം എന്‍റെ ഹൃദയത്തിലൂടെ തുളച്ചിറങ്ങി.

കണ്ണെടുക്കാതെ ഞാന്‍ വീണ്ടും ആ ഫോട്ടോയില്‍ തന്നെ നോക്കിനിന്നു. അവന്‍റെ കല്യാണത്തിനായി ഞാന്‍ തിരഞ്ഞെടുത്ത ഷര്‍ട്ട്‌ ആയിരുന്നു അവന്‍റെ വേഷം. അച്ചു എന്‍റെ കൈകളിൽ മുറുകെപിടിച്ചു. "സ്നേഹ, സ്വര്‍ഗത്തിലെ മണവാട്ടി" അവള്‍ പറഞ്ഞു നിര്‍ത്തിയതും. ഫോട്ടോഗ്രാഫറുടെ വിളിയെത്തി.

കഥ വായിച്ചു തീർന്നതും, "അരുണ്‍, താങ്കളുടെ കഥ എനിക്ക് ഇഷ്ടമായി. കഥയിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തി, നല്ലൊരു തിരക്കഥയുമായി വരൂ നമ്മുക്കു ഇതു സിനിമയാക്കാം." മലയാളസിനിമയുടെ പ്രശസ്തനായ സംവിധായകൻ ഹരിദാസ് സാറിന്‍റെ വാക്കുകൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല! കുറേ കാലമായുള്ള എന്‍റെ അലച്ചിലിനു ഇന്നു ഉത്തരം കിട്ടിയിരിക്കുന്നു, എന്‍റെ ആഗ്രഹം സഫലമായിരിക്കുന്നു! ഞാൻ മലയാള സിനിമയുടെ പുതിയ കഥാകൃത്ത് ആകാൻ പോകുന്നു!

സ്നേഹയുടെയും മനുവിന്‍റെയും അനിലിന്‍റെയും കഥ ചിലപ്പോൾ സത്യമാകാം! അല്ലെങ്കിൽ ഒരു മുത്തശ്ശി കഥ പോലെ ഇതിനെയും നമ്മുക്കു ഉൾക്കൊള്ളം!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.