സ്വസ്ഥം ഗൃഹഭരണം

"ഇന്ന് ഇരുപത് അല്ലെ ഡേറ്റ്?"

ചോദ്യം അപ്രതീക്ഷിതമായിരുന്നു.

"ഡേറ്റോ! അതിപ്പോ.., ഇതേതാ മാസം?"

എന്തിനാ ചോദിക്കുന്നതെന്നും കൂടെ ചോദിക്കണമെന്നുണ്ടായി, പക്ഷെ അവന്റെ മുഖത്തെ പുച്ഛഭാവം കണ്ടപ്പോൾ പതുക്കെ അടുക്കളയിലേക്ക് കയറി ഒളിച്ചിരുന്നു.

ഇതാണിപ്പോൾ എന്റെ സാമ്രാജ്യം. പണ്ട് ജോലി ചെയ്തിരുന്ന കാലത്തു പ്രൊജക്റ്റ്‌ മാനേജർ എന്റെ മെയിൻ സ്ട്രെങ്ങ്ത് ആയി പുകഴ്ത്തി പറയാറുണ്ടായിരുന്ന 'ക്രിയേറ്റിവിറ്റി, പെർഫെക് ക്ഷൻ പിന്നെ ടൈം മാനേജ്‌മന്റ്‌' ഇവ മൂന്നും കൂടിയും കുറച്ചും ഇടയ്ക്ക് സമാസമവും ചേർത്ത് സ്വന്തം ഇഷ്ടപ്രകാരം പ്രയോഗിക്കാൻ ഇതിലും നല്ല ഒരു തട്ടകം വേറെയില്ല. മാത്രമല്ല മനസിന്റെ മുറുക്കവും ഇളക്കവും ഒക്കെ തട്ടിയും മുട്ടിയും പാത്രങ്ങളിൽ തീർക്കാം. ആരും പരാതി പറയില്ല.

"ഹലോ, ഇനിയും സ്വബോധത്തിലേക്ക് വന്നില്ലേ നീ? എനിക്കിന്ന് വേഗം പോവണം. വല്ലതും തിന്നാൻ കിട്ടിയിരുന്നെങ്കിൽ വേഗം പോവാമായിരുന്നു.", അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നത് കൊണ്ട് ഇത്തവണ ഭാവം മനസിലായില്ല. അല്ല, മനസിലാക്കിയിട്ടും കാര്യം ഒന്നുമില്ല. പക്ഷെ അത് ഒരു നേരംപോക്കാണ്.

"മുട്ടക്കറി സൂപ്പർ ആയിട്ടുണ്ട് കേട്ടോ", ആവി പറക്കുന്ന അപ്പവും മുട്ടക്കറിയും കഴിച്ചു വയറു നിറഞ്ഞപ്പോൾ അവന്റെ മുഖം തെളിഞ്ഞു. അത് കേട്ടപ്പോൾ എന്റെ മനസും നിറഞ്ഞു.

അല്ലെങ്കിലും നിന്റെ ഒരു പുഞ്ചിരിയിൽ അല്ലെങ്കിൽ ഒരു തലോടലിൽ ഉരുകി ഒലിക്കാത്ത എന്ത് സങ്കടമാണ് എനിക്കുള്ളത്. ചിലപ്പോൾ തോന്നാറുണ്ട് നീയൊരു മജീഷ്യൻ ആണെന്ന്. വിരലുകൾ കൊണ്ട് മായാജാലം തീർക്കുന്നവൻ.

"ഞാൻ ഇറങ്ങുകയാണ് കേട്ടോ, ഇന്ന് വരാൻ ലേറ്റാവും."

ഓടി വാതിലിനരികിൽ എത്തിയപ്പോഴേക്കും അവൻ പോയിരുന്നു. കാർ ഗേറ്റ് കടന്നു പോവുമ്പോൾ അവൻ കാണില്ല എന്നറിയാമായിരുന്നിട്ടും വെറുതെ കൈകൾ വിടർത്തി ടാറ്റാ കാണിച്ചു. തിരിച്ചു നടക്കുമ്പോൾ മനസിനകത്തെവിടെയോ വീണ്ടും മഴക്കാറ്. അല്ലാ, അതെന്തിനാ ഇപ്പൊ അങ്ങനെ? ഇതിപ്പോ ഒരു പതിവല്ലെ?

മൂന്നു നാലു വയസിനു മൂത്തതാണെങ്കിലും എന്റെ ഭർത്താവിനെ ഞാൻ പേരു ചൊല്ലി തന്നെയാണ് വിളിക്കാറുള്ളത്. അത് കൊണ്ട് ഭാരതസ്ത്രീകൾതൻ ഭാവശുദ്ധിക്കു കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നുറപ്പുള്ളതിനാൽ ഞാൻ അതിന്റെ കാരണം പറയാം.

പ്രണയം അസ്ഥിക്ക് പിടിച്ചു നടന്ന കാലത്തു തുടങ്ങിയ വിളിയാണ്. പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ വിളിയൊന്നു മാറ്റിപിടിക്കാൻ ഞാൻ ആത്മാർഥമായി തന്നെ ശ്രമിച്ചിരുന്നു. പക്ഷെ അവസാനം ഒരു ദിവസം അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, 'നീ എന്നെ പഴയത് പോലെ പേരു വിളിച്ചാൽ മതി'.

ട്രിം... ട്രിം.., ലാന്റ്ഫോണ്‍ ബെല്ലടിക്കാൻ തുടങ്ങി. മിസ്സ്‌കോൾ. അവനാണ്. ഇന്ന് വേഗം എത്തിയല്ലോ!

ബാക്കിയുണ്ടായിരുന്ന വീട്ടു ജോലി എല്ലാം ഒന്ന് ഒതുക്കി വീട്ടിലേക്കും വിളിച്ചു കഴിഞ്ഞു. ഇനി സമാധാനം ആയി കുറച്ചു നേരം കിടക്കാം. നല്ല തലവേദന. ഉറങ്ങി തീർക്കാൻ ഇനി വൈകുന്നേരം വരെ സമയമുണ്ട്. ഇടയ്ക്ക് ആരും വിളിക്കാനില്ല, ആരും വരാനും.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.