തെറ്റിദ്ധാരണകള്‍

ജീവിതത്തിൽ അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വം ആണ് ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കപ്പെട്ട അവസരങ്ങൾ നിരവധിയാണ്. അങ്ങേയറ്റം ആത്മാർതഥ കാണിച്ച സന്ദർഭങ്ങളിൽ തിരിച്ചടി എല്ക്കാനുള്ള പ്രവണത അത് കൊണ്ട് തന്നെ എനിക്ക് വളരെ കൂടുതലാണ്. എന്നെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ഒരു വിഴുപ്പു കെട്ടിന്റെ നിഴൽ രൂപം പോലെ ഇപ്പോഴും പിന്തുടരുന്നു.

ഒരു രാത്രി വെളുക്കുമ്പോഴേക്കും ഞാൻ പ്രകടിപ്പിച്ചു പോന്ന ആത്മാർത്ഥത ചൂഷണമായി മാറുന്നു, സ്നേഹം വഞ്ചനയായി മാറുന്നു, സഹായങ്ങൾ ഉപദ്രവമായി മാറുന്നു, ഒപ്പം ഇതെല്ലം പ്രകടിപ്പിക്കാൻ ഞാൻ ചെലവഴിച്ച കാലം നിരർത്ഥകമായി മാറുന്നു, മനസ്സിനേറ്റ മുറിവുകൾക്ക്‌ ആഴമേറുന്നു. എത്രയോ ഉദാഹരണങ്ങൾ...

ശരീരത്തിലെ മുറിവുകളെ പോലെ തന്നെയാണ് പരോക്ഷത്തിൽ മനസ്സിനേല്ക്കുന്ന മുറിവുകളും. എല്ലാം ശരിയാവും എന്ന് നമ്മൾ തന്നെ സ്വയം പറയുന്നത് അവിടേക്കുള്ള മരുന്നായി മാറുന്നു. നമ്മൾ മനസ്സിന് നല്കുന്ന സമയവും വിശ്രമവും മുറിവുകൾ ഉണങ്ങി ശരീരാവയവങ്ങൾ പൂർവസ്ഥിതിയിൽ ആകാൻ എടുക്കേണ്ടി വരുന്ന ചികിത്സാ സമയം (treatment period) തന്നെയാണ്.

മനസ്സിന്റെ മുറിവുകൾ ഭീകരമാകുന്നത് അതിന്റെ വേദന പോലും സ്വയം മനസ്സിലാക്കാതെ നമ്മൾ തന്നെ മുറിവിന് ആഴം കൂട്ടാൻ ശ്രമിക്കുമ്പോഴാണ്. നമ്മുടെ ഉള്ളിൽ ഉള്ള നെഗറ്റീവ് എനർജി ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതിനു നമ്മൾ ഇട നല്കാതിരിക്കുക.

എപ്പോഴും നമ്മുടെ മനസ്സിനെ ചീകി മിനുക്കി വൃത്തിയായി പരിക്കുകളില്ലാതെ കാക്കുക. നമ്മളെക്കാൾ ദുരിതം അനുഭവിക്കുന്നവർ ചുറ്റും ഉണ്ടെന്നു മനസ്സിലാക്കുക. നമ്മളെക്കാൾ താഴത്തെ തട്ടിലേക്ക് നോക്കാനുള്ള പ്രവണത കൂടുതൽ കാണിക്കുക. തളരാതിരിക്കുക. ഓരോ മോശം അനുഭവവും ദുരന്തവും ജീവിതത്തിലെ ഒരോ പാഠം (experience) ആയി എടുക്കുക.

ഇനി വരുന്ന പ്രശ്നങ്ങളെ അല്പം കൂടെ ലാഘവത്തോടെ നേരിടാൻ അത് നമ്മളെ സഹായിക്കും. കാലക്രമേണ നമ്മൾ ശക്തമായ വ്യക്തിത്വത്തിനു ഉടമകളായി തീരും. എന്റെ ഈ വാക്കുകൾ മനസ്സ് തളര്‍ന്നു നില്ക്കുന്ന ആരിലെങ്കിലും ഒരു മെഴുകുതിരിയുടെ അത്രയെങ്കിലും വെട്ടം പകരുന്നുവെങ്കിൽ ഈ എഴുത്ത് വിജയിച്ചു!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.