ടൈറ്റാനിക്

ഒരു ഞായറാഴ്ച ഒന്നും ചെയ്യാനില്ലാതെ മാനം നോക്കിയിരിക്കുമ്പൊ അടുത്തവീട്ടിലെ സുഹൃത്ത് വന്നു വിളിച്ചു, "ഡാ, ചേട്ടൻ ഒരു കാസറ്റ് കൊണ്ടു വന്നിണ്ട്. കപ്പല് മഞ്ഞുമലേല് ഇടിച്ച് തകരണ പടമാണ്. നീ വാ..! ഊണ് കഴിഞ്ഞ് കാണാം."

ഭക്ഷണം കഴിച്ചശേഷം നേരെ അവൻെറ വീട്ടിലേക്ക് വച്ചടിച്ചു. ചെന്നപ്പൊ എല്ലാവരും ഉണ്ട്. അവൻെറ ചേട്ടന്മാരും വേറെ രണ്ട് സുഹൃത്തുക്കളും.

പടം തുടങ്ങി രസകരമായി പൊയ്കൊണ്ടിരിക്കുമ്പോളാണ് ഇടിമിന്നലുപോലെ ഒരു സീൻ കേറിവന്നത്. നായകൻ നായികയുടെ നഗ്നചിത്രം വരക്കുന്നു, പിന്നീടവിടെ സംഭവിച്ചത് പണ്ടത്തെ പ്രിയദർശൻ സിനിമകളിൽ കാണുന്നപോലെയുള്ള ഒരു ബഹളമായിരുന്നു. ശ്രീനിവാസനെ അനുസ്മരിപ്പിക്കും വിധം, ബ്രേക്കെവിടെ.. ബ്രേക്കെവിടെ.. സോറി, റിമോട്ടെവിടെ.. റിമോട്ടെവിടെ.. ആക്രോശങ്ങൾ.

അതിനിടക്കാരോ യുവരാജിനെപ്പോലെ ഡെെവ് ചെയ്ത് റിമോട്ടെടുത്തതും ഫോർവേഡ് അടിച്ചതും ഒരുമിച്ചായിരുന്നു. ഫസ്റ്റ് ബോളിൽ വിക്കറ്റുപോയ ബാറ്റ്സ്മാനെപോലെ നിരാശനായി ഞാനും. ഒരു മിന്നായം പോലെ എന്തോ കണ്ടു. ശരിക്കും അങ്ങോട്ട് വ്വക്തമായില്ല. തെണ്ടികൾ! നിന്നോടോക്കെ ദെെവം ചോദിക്കൂടാ..!

പിന്നെ വാശിയായി. ഇത് കണ്ടിട്ടുതന്നെ ബാക്കികാര്യം.

ഒരുദിവസം സ്പെഷൽക്ലാസുണ്ടെന്നും പറഞ്ഞ് വീട്ടിൽനിന്നിറങ്ങി. കാസറ്റുമെടുത്ത് വേറൊരു കൂട്ടുകാരൻെറ വീട്ടിലേക്ക് പോണവഴി ചെന്ന്പെട്ടത് നാട്ടിലെ പ്രധാന 'എഫ് എം റേഡിയോ'ൻെറ മുന്നിൽ. കാസറ്റ് അരയിൽതിരുകി ഒന്നുമറിയാത്തപോലെ നടന്ന എന്നെ പിടിച്ചുനിർത്തി പുള്ളി ഒറ്റചോദ്യം, "എന്താ മുഖത്തൊരു കള്ളലക്ഷണം? ഞായറാഴ്ചയായിട്ട് ഉടുത്തൊരുങ്ങി ഇതെവിടെപോണു?"

'തൻെറ പതിനാറടിയന്തരത്തിന് ആളെ ക്ഷണിക്കാൻ പോണേണ്! ഒന്നു പോ കെളവാ!', എന്ന് മനസിൽ പറഞ്ഞ്, കുറച്ച് വിനയോം പുഞ്ചിരീം സംമംചേർത്ത് മുഖത്ത് വാരിത്തേച്ച് അവിടന്ന് തടിതപ്പി.

ഞാൻ ചെല്ലുന്നതും കാത്ത് സുഹൃത്ത് ഉമ്മറത്തുതന്നെ പല്ലിളിച്ച് നിരാശനായി ഇരിപ്പുണ്ട്. കാത്തിരുന്ന് മുഷിഞ്ഞതിൻെറയാണ് ആ നിരാശ. അവൻെറ വീട്ടുകാരെല്ലാം മലപ്പുറത്തുള്ള ബന്ധുവിൻെറ കല്യാണത്തിന് പോയിരിക്കാണ്. തലേദിവസം ഞാൻ പറഞ്ഞുവച്ചതനുസരിച്ച് വയറുവേദന അഭിനയിച്ച് വീട്ടിലിരുപ്പാണ് പുള്ളി.

എന്നെ ദൂരെനിന്നും കണ്ടതും മുഖത്തൊരു പ്രകാശം, ഒപ്പം ഒരു പുഞ്ചിരിയും പടർന്നു. ചെന്നു കേറിയപാടെ ഒരു ചോദ്യം, "എവിടാർന്നെടാ പുല്ലേ ഇതുവരെ?! നിന്നെ കാത്തിരുന്ന് വേരിറങ്ങി. മനുഷൻമാരായാ കൃത്യനിഷ്ഠ വേണംഡാ, 12 മണിക്ക് വരാന്നല്ലേ നീ എന്നോട് പറഞ്ഞേ? ലേറ്റായപ്പൊ നീ വരില്ലാന്ന് കരുതിഞാൻ. നീ വന്നില്ലെങ്ങി നാളെ നിന്നെ ഞാൻ കൊന്നേനെ പന്നി! അവർടെ കൂടെപ്പോയാ ബിരിയാണിയെങ്കിലും കിട്ടിയേനെ!"

9.30 ക്ക് തോടങ്ങണ ക്ലാസിന് 10 മണിക്കും കേറാത്തോനാ ഇപ്പൊ എന്തോരു കൃത്യനിഷ്ഠ! എന്തൊരാത്മാർഥത!

"ഞാനങ്ങനെ വരാതിരിക്കൊ? ലേറ്റാവന്താലും ലേറ്റസ്റ്റാവരുവേണ്ടാ. നീ വാ, പടം കാണാം."

അങ്ങനെ അവൻെറ വീട്ടിലിരുന്ന് പടം കണ്ട് നിർവൃതിയടഞ്ഞു.

കാലം കടന്നുപോയി. ഒപ്പം ഞാനും വളർന്നു. അശ്ലീലം എന്നു പറഞ്ഞ് അകറ്റിനിർത്തിയിരുന്ന ഹോളിവുഡ് സിനിമകളുടെ ഉള്ളറിഞ്ഞിരുന്ന കാലത്തെപ്പഴോ വിരസമായ ഹോസ്റ്റൽ ദിനത്തിൽ യാദൃശ്ചികമായി വീണ്ടും ഞാനാ സിനിമ കണ്ടു. പക്ഷേ അന്നെനിക്ക് ആ നഗ്നത കാണാൻ കഴിഞ്ഞില്ല. പകരം കേറ്റ് വിൻസ്ലെറ്റ് എന്ന നടിയുടേയും ലിയനാഡോ ഡികാപ്രിയോ എന്ന നടൻെറയും മിന്നുന്ന പ്രകടനം. കൂടാതെ ജെയിംസ് കാമറൂൺ എന്ന വിഖ്യാത ചലച്ചിത്രകാരൻെറ ഡയറക്ഷൻ പൂർണ്ണത. കോൺറാഡ് ബഫ്ൻെറ എഡിറ്റിങ്ങ് മികവ്. റസ്സൽ കാർപെൻറർ എന്ന ഛായാഗ്രാഹകൻെറ മിഴിവുറ്റ ഷോട്ടുകൾ. ജയിംസ് ഹോർണറുടെ അതിഗംഭീര പശ്ചാത്തലസംഗീതം. എല്ലാം ചേർന്നൊരു റൊമാൻറിക് ഡ്രാമ. പതിനാല് ഓസ്കാർ നോമിനേഷനുകളിൽ പതിനൊന്നും വാരിക്കൂട്ടിയ ആദ്യചിത്രം!

കാലം അങ്ങനെയാണ്. അതു നീങ്ങുംതോറും നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കും.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.