വഴിയോരത്തെ നിലവിളികൾ

വീണ്ടും സ്വന്തം നാട്ടിൽ വരുമ്പോൾ അവൾ മനസ്സിൽ ഒന്നും കരുതിയിരുന്നില്ല. അന്ന് പോകുമ്പോൾ കാമുകൻ കൂടെ ഉണ്ടായിരുന്നു. ഇന്നിപ്പോൾ കാമുകൻ സമ്മാനിച്ച അഞ്ചു വയസുള്ള ആൺകുട്ടിയും കൂടെ അവൾ പോലും അറിയാത്ത ആരൊക്കെയോ സമ്മാനിച്ച മൂന്ന് വയസുള്ള ആൺ കുട്ടിയും ഒരു വയസുള്ള ഒരു പെൺകുഞ്ഞും. ആരു സമ്മാനിച്ചാലും താൻ നൊന്തു പെറ്റ മക്കൾ - അവരെ അവൾക്കു ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു.

ട്രെയിൻ ഇറങ്ങി നടക്കുമ്പോൾ എങ്ങോട്ട് പോകണം, എന്ത് ചെയ്യണം എന്നൊന്നും അവൾക്ക് അറിയില്ലായിരുന്നു. ഒരുങ്ങി വന്നാൽ ദേവതയെപ്പോലെയിരുന്ന ആ നാട്ടിൻപുറത്തുകാരി പെൺകുട്ടി ഇപ്പോൾ മുഷിഞ്ഞു നാറിയ ഒരു സാരിയും ജഡ കെട്ടിയ മുടിയുമായി സമനില തെറ്റിയ നാടോടിസ്ത്രീ ആയി മാറിയിരിക്കുന്നു. ആരെങ്കിലും കഴിച്ചതിന്റെ ബാക്കി വരുന്ന ആഹാരം - അതാണ്‌ അവരുടെ ഭക്ഷണം. എവിടെങ്കിലും തല ചായ്ക്കാൻ ഒരിടം കണ്ടെത്തണം, അതായിരുന്നു അവളുടെ മനസ്സിൽ.

ഒടുവിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ അവർ അഭയം കണ്ടെത്തി. ഇടയ്ക് ആരൊക്കെയോ അവിടെ വന്ന് എത്തിനോക്കിപ്പോകും. അവര്‍ക്കും ഉറങ്ങാൻ ഒരിടം നോക്കി വന്നതാകും. അവൾ മനസിൽ കരുതി.

വീട് വിട്ടിറങ്ങിയ ശേഷം താൻ അനുഭവിച്ച ദുരിതങ്ങൾ അവളെ വേട്ടയാടി. വീട്ടുകാരെ വെറുപ്പിച്ചു കാമുകന്റെ കൂടെ വണ്ടി കയറുമ്പോൾ അവൾ ഒരുപാടു സ്വപ്നങ്ങൾ കണ്ടിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. അവന്റെ ആഗ്രഹം കഴിഞ്ഞപ്പോൾ അവൻ അവളെ മാർവാടിക്ക് വിറ്റു. പിന്നീട് അവൾക്കു വലയിൽ കുടുങ്ങിയ മീനിന്റെ അവസ്ഥ ആയിരുന്നു. രക്ഷപ്പെടാൻ മാർഗം ഒന്നുമില്ലായിരുന്നു.

അതിനിടയിൽ മൂന്ന് കുട്ടികളുടെ അമ്മയായി. ഒടുവിൽ ഗത്യന്തരമില്ലാതെ അവൾ ആ തീരുമാനം എടുത്തു - 'വൃത്തി ഇല്ലാതെ നടക്കുക'. അങ്ങനെ നടന്നാൽ കാമവെറി തീർക്കാൻ വരുന്നവർ വൃത്തിയില്ലാത്ത അവളെ വേണ്ട എന്ന് പറയും.

ഒടുക്കം അവർ തന്നെ അവളെയും കുട്ടികളെയും പുറത്താക്കി. ഇന്നിപ്പോൾ അവൾക്കു ആരെയും പേടിക്കേണ്ട. ആരും അവളെ ഒന്നും ചെയ്യില്ല. ആരു കണ്ടാലും ഒന്ന് അറയ്ക്കും.

"എഴുന്നേറ്റു പോടീ ഇവിടുന്ന്!", ആരോ വിളിച്ചു പറയുന്ന കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്.

"എടീ നിന്നോട് ആരാ പറഞ്ഞെ ഇവുടെ വന്നു കിടക്കാൻ, ഇത് എന്റെ സ്ഥലമാണ് വേഗം മാറിക്കോ ഇവറ്റകളെയും കൊണ്ട്!"

"ചേട്ടാ ബഹളം വെക്കേണ്ട, ഞങ്ങൾ മാറാം."

"മക്കളെ എഴുന്നേല്ക്കൂ.", പാവങ്ങൾ വിശന്നു തളർന്നു ഉറങ്ങിപോയി. വാവ എപ്പോഴും കണ്ണ് തുറന്നാണ്‌ ഇരിക്കുന്നത്. അവൾക്ക് വിശപ്പ്‌ എന്താ എന്നൊന്നും അറിയില്ല എന്ന് തോന്നുന്നു. ജനിച്ച നാൾ മുതൽ ഈ ഒരു അവസ്ഥയാ അവൾക്ക്. അത് കൊണ്ടുതന്നെ വാവ ഒന്ന് ചിരിക്കുന്നതോ ആ അമ്മ കണ്ടിട്ടില്ല.

ഇടയ്ക്ക് വാവ കരയും, വിശന്നിട്ട്. അപ്പോൾ കൈയ്യിൽ വെള്ളം ഉണ്ടെങ്കിൽ അത്അവൾക്കു കൊടുക്കും. മുലപ്പാൽ കൊടുക്കാൻ ആ മെലിഞ്ഞുണങ്ങിയ ശരീരത്തിൽ അവളുടെ ജീവൻ മാത്രമേ ബാക്കിയുള്ളൂ.

ഒരു വിധത്തിൽ മക്കളെയും കൂട്ടി അവൾ പുറത്തിറങ്ങി. "അമ്മേ, വിശക്കുന്നു...", ഇളയ മകൻ പറഞ്ഞു. അവൾ അത് കേട്ടില്ല എന്ന് നടിച്ചു. "അമ്മേ വിശക്കുന്നു!" അവൻ വീണ്ടും പറഞ്ഞു.

"നീ മിണ്ടാതെ വേഗം നടക്കു മോനെ...", പിന്നെ അവൻ മിണ്ടിയില്ല. അവന് അറിയാം എത്ര കരഞ്ഞാലും ഒന്നും കിട്ടില്ല എന്ന്. വഴിയരികിൽ കണ്ട പൈപ്പിൽ നിന്നും കൈയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക്‌ കുപ്പിയിൽ അവൾ വെള്ളം നിറച്ചു അവര്‍ക്ക് കൊടുത്തു. വിശപ്പ്‌ സഹിക്കാൻ കഴിയാത്തത് മൂലം പച്ച വെള്ളത്തിനും നല്ല സ്വാദ് തോന്നുന്നു.

പിറ്റേ ദിവസം രാവിലെ അടുത്തുള്ള പള്ളിയിൽ കല്യാണച്ചടങ്ങു നടക്കുന്നു. അവിടെ നിന്നും കിട്ടിയ ഭക്ഷണം അവർ ആർത്തിയോടെ കഴിച്ചു. ഇപ്പോൾ കുട്ടികൾക്ക് ഒരു ഊർജം വച്ചിട്ടുണ്ട്. കുറച്ചു ദിവസമായി അവർ നല്ലപോലെ ആഹാരം കഴിച്ചിട്ട്. അതിന്റെ സന്തോഷത്തിൽ അവർ ഉത്സാഹത്തോടെയാണ് നടക്കുന്നത്.

അവൾ ഇപ്പോഴും ഏതോ ചിന്തയിലാണ്. പെട്ടന്ന് എതിരെ വന്ന ഒരു വാഹനം അവളെ ഇടിച്ചു വീഴ്‌ത്തി. ഭാഗ്യത്തിന് വാവ മൂത്ത കുട്ടിയുടെ കൂടെ ആയിരുന്നു. അവൾ വേദന കൊണ്ട് പുളഞ്ഞു. കുട്ടികൾ വാവിട്ടു കരഞ്ഞു. പരിസരത്ത് ആരും ഇല്ലെന്നു മനസിലാക്കി ഇടിച്ച വാഹനം അവർ നിറുത്താതെ ഓടിച്ചു പോയി. കുറച്ചു നേരം റോഡിൽ കിടന്ന അവൾ ഒരു വിധത്തിൽ വലിഞ്ഞിഴഞ്ഞു ഒരു പൊട്ടിപ്പൊളിഞ്ഞ കടയുടെ സൈഡിൽ കയറി കിടന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ കുട്ടികൾ നിലവിളിച്ചു. നഗരത്തിലെ ചപ്പുചവറുകൾ ഉപേഷിക്കുന്ന സ്ഥലം ആയതിനാൽ ആ പ്രദേശത്ത് ആൾ സഞ്ചാരം തീരെ കുറവാണ്. വേദന സഹിക്കാൻ കഴിയാതെ അവൾ വാവിട്ടു കരയുകയാണ്.

ഇതിനിടയിൽ മൂത്ത കുട്ടി വാവയെ ഒരു തുണി വിരിച്ചു അവളുടെ അടുത്ത് കിടത്തി. അവൻ കയ്യിൽ ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നും നാണയത്തുട്ടുകൾ എടുത്തു എണ്ണിനോക്കി. "മോനു ഏട്ടൻ ഇപ്പോൾ വരാം", എന്നു പറഞ്ഞ് അവിടെ നിന്നും ഓടിപോയി. അവൻ ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൾ അവനെ വിളിക്കാൻ നോക്കി പറ്റുന്നില്ല. അവൾക്കു സംസാരിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും മോശമാണ് അവളുടെ അവസ്ഥ.

ആ സമയം അവിടുത്തെ പഴയ ആഹാരമൊക്കെ തിന്നു വീർത്ത രണ്ടു നായകൾ അവരുടെ അടുത്തേക്ക് പാഞ്ഞടുത്തു. ആ നായകൾ കുരച്ചു കൊണ്ട് അവരുടെ അടുക്കലെത്തി. അവൾ കാല് കൊണ്ട് അവ അടുക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവള്‍ വാവയെ ചേർത്ത് പിടിച്ചു. മോനുവിനെ അവളിലേക്ക്‌ അടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവൻ പേടിച്ചു വാവിട്ടു കരയുകയായിരുന്നു. അവൻ നായകളെ പേടിച്ചു അവിടെ നിന്നും എഴുന്നേറ്റ് ഓടി. അവന്റെ പിന്നാലെ ആ നായകളും ഉറക്കെ കുരച്ചു കൊണ്ട് ഓടിപ്പോയി. അതിൽ ഒരു നായ അവന്റെ ദേഹത്തേക്ക് ചാടി വീണു. അവറ്റകൾ അവന്റെ പച്ചമാംസം കടിച്ചു കീറി. അവൻ അമ്മേ എന്ന് പറഞ്ഞു നിലവിളിച്ചു. ഇതെല്ലം നോക്കി നിലവിളിക്കാൻ മാത്രമേ അവൾക്കു സാധിച്ചുള്ളൂ.

ഒന്ന് അനങ്ങാൻ പോലുമാകാതെ അവൾ നിലവിളിച്ചു. പക്ഷേ ആ വിജനമായ സ്ഥലത്ത് ആര് കേൾക്കാനാണ് അവളുടെ നിലവിളി! അവൾ "മോനു എന്റെ മോനെ..!" എന്ന് വിളിച്ചു വാവിട്ടു കരഞ്ഞു. പെട്ടന്ന് അവൾക്കു വേദന കൂടി. കണ്ണുകൾ മങ്ങിത്തുടങ്ങി. രക്തം വാർന്നു പോകുന്നു. ഇനി താൻ അധികം സമയം ഉണ്ടാകില്ല താൻ മരിച്ചാൽ തന്റെ വാവ - അവൾ എന്ത് ചെയ്യും?! ഇല്ല ഞാൻ അവളെ ഒറ്റയ്ക്ക് ആക്കില്ല. മോനുവിനെ കടിച്ചു കീറിയ പോലെ എന്റെ വാവയേയും അവറ്റകൾ. അവൾക്ക് കണ്ണിൽ ഇരുട്ട് കൂടി വന്നു. അവൾ കുഞ്ഞിനെ അവളോട് ചേർത്ത് പിടിച്ചു. അധിക നേരം കഴിഞ്ഞില്ല. വാവ ഒന്ന് പിടഞ്ഞു. കാലുകൾ ഒന്ന് അനങ്ങി. പിന്നെ അനക്കം ഒന്നുമില്ല. അവള്‍ കരഞ്ഞു നിലവിളിച്ചു, "ഈ അമ്മയോട് ക്ഷമിക്കൂ മോളെ... വാവേ...", അവൾ അത് പറഞ്ഞു തീരും മുൻപേ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങിയിരുന്നു.

ആ സമയം അതുവഴി മാലിന്യവുമായി വന്ന ലോറിക്കാരൻ ആ കാഴ്ച കാണുകയും അയാൾ ആരൊയൊക്കെയോ ഫോണിൽ വിളിക്കുകയും ചെയ്തു അരമണിക്കൂറിനുള്ളിൽ പോലീസും പത്രക്കാരും മറ്റുമായി അവിടെ ആളുകൾ തടിച്ചു കൂടി.

ചാനലുകളില്‍ മാറി മാറി ഫ്ലാഷ് ന്യൂസ് വന്നു കൊണ്ടിരുന്നു - 'നാടോടി സ്ത്രീയേയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി'

പോലീസ് അവരുടെ ബോഡി എടുത്തു കൊണ്ട് പോകുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ കൈയ്യിൽ അമ്മയ്ക്ക് വേണ്ടി വാങ്ങി വന്ന മരുന്നുമായി അവൻ മിഴിച്ചു നിൽപ്പുണ്ടായിരുന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.