വേഗം

ഇന്നും പതിവുപോലെ അരാദിൽ നിന്നും ഹിദ്ദ് വരെയുള്ള യാത്രയിൽ ആണ്. കോൾഡ്‌ സ്റ്റോറിന്റെ മുന്നിലൂടെ നീങ്ങുമ്പോഴാണ് പതിവില്ലാതെ അവിടത്തെ ഇക്കയെ കണ്ടത്. "ന്താ സുക്കല്ലെ?", പൊടിമോൻ ചോദിക്കുന്നപോലെ ചോദിച്ച് ഒരു ചെറുപുഞ്ചിരിയും പാസാക്കി വീണ്ടും യാത്ര തുടർന്നു.

പെട്ടന്നാണ്‌ ജിംബ്രൂട്ടൻ പാടിയ "ഒരു മുറി മാത്രം തുറക്കാതെ വയ്ക്കാം ഞാൻ അതിഗൂഡമെന്നുടെ ആരാമത്തിൽ... സ്വപ്‌നങ്ങൾ കണ്ടു... സ്വപ്‌നങ്ങൾ..." മുഴുമിക്കാൻ പറ്റിയില്ല, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടുമുട്ടിയാൽ സംസാരിക്കാൻ ഇട വരുത്തരുത്‌ എന്നു വിചാരിച്ചിരുന്ന റോയിയെ കണ്ടു.

"ന്താ ടാ നീ നടന്നാണോ പോകുന്നേ?", എന്ന ചോദ്യം.

"ഉം അതെ നടക്കുന്നത് നല്ലതല്ലേ? എപ്പോഴും വണ്ടിയിൽ പോയാൽ ആരോഗ്യം ഇല്ലാതാകും", എന്നുള്ള മറുപടിയും എന്റെ നടത്തവും ഒരു പോലെ അയിരുന്നു.

അല്ല ഞാൻ ആലോചിക്കുകയായിരുന്നു, ഈ റോയിയെ എങ്ങാനും രണ്ടു ദിവസം മുമ്പ് വിഷുവിനാണ് കണ്ടിരുന്നെങ്കിൽ ഈ കണി ഒരു കെണി ആയേനെ. റോയിയെ പറ്റി കൂടുതൽ പറഞ്ഞു നിന്നാൽ എനിക്കു സമയത്തിന് ഹിദ്ദിൽ എത്താൻ പറ്റില്ല. ഇപ്പോൾത്തന്നെ സമയം പത്തു മിനിറ്റു കഴിഞ്ഞു. വീണ്ടും "മലർമണം മാഞ്ഞല്ലോ...", പാടി യാത്ര തുടർന്നു.

കുറച്ചു ദൂരം നടന്നപ്പോൾ ഒരു പട്ടി എന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ടു. ഗൾഫിൽ ആണെന്ന് പറഞ്ഞിട്ടു കാര്യമില്ല, നാട്ടിലെ പോലെ അലഞ്ഞു തിരിയുന്ന ശുനകൻമാർ ഇവടെയും ഉണ്ട്. വഴിൽ എന്തോ കിടക്കുന്നത് കണ്ട് അവൻ ഒന്നു മണത്തു നോക്കിയിട്ട് വീണ്ടും എന്റെ നേരെ വന്നു (നാട്ടിലെ പണക്കാരുടെ വീട്ടിൽ മാത്രം കാണുന്ന ഉശിരുള്ള യമണ്ടൻ പട്ടികളാണ് ഇവിടുത്തെ ചാവാലി പട്ടികൾ). അവന്റെ വരവു കണ്ടു നടത്തം ഒന്നു സ്പീഡ് കുറച്ചു പേടിച്ചു നിൽക്കുമ്പോഴാണ്, "നടേശ, കൊല്ലണ്ട!" എന്ന ഡയലോഗ് പറഞ്ഞു അവന്റെ കൂട്ടുകാർ എത്തിയത്. അവർ എന്നെയൊന്നു റൗണ്ട് അടിച്ചിട്ടു ഏതോ ക്വട്ടേഷൻ ഏറ്റെടുത്തത്‌ തീർക്കാൻ എന്നപോലെ എങ്ങോട്ടോ ഓടിപോയി.

കുറച്ചു ദൂരം നടന്നപ്പോൾ എന്റെ മുന്നിലൂടെ രണ്ടു കുട്ടികൾ സ്കൂൾ ബാഗും തൂക്കി ഓടുന്നത് കണ്ടു. എനിക്ക് ഈ കുട്ടികളെ പരിചയമുണ്ടല്ലോ എന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ഷൈജു ഏട്ടന്റെ ഭാര്യ വെളിയിലേക്ക് വന്നത്. "ഹാ ചേച്ചി സുഖമാണോ?" ,വിവരങ്ങൾ എല്ല്ലാം തിരക്കി കുട്ടികൾക്ക് റ്റാറ്റായും കൊടുത്തു വീണ്ടും യാത്ര തുടർന്നു.

ഷൈജു ഏട്ടൻ എന്റെ ഫ്രെണ്ടാണ്. കുറച്ചു കാലം മുമ്പ് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം. ഇപ്പോൾ ഫാമിലി വന്നപ്പോൾ അയാൾ വേറെ മാറി താമസിക്കുന്നു.

ഷൈജു ഏട്ടന്റെ ഓർമ്മകൾ വിട്ടു ഞാൻ യഥാർത്ഥ ലോകത്തിലേക്ക്‌ വന്നു. റോഡിലൂടെ വണ്ടികൾ ലക്ഷ്യമില്ലാതെ എങ്ങോട്ടോ പായുന്നു. എല്ലാരും നല്ല തിരക്കിലാണ്‌. എന്റെ കാര്യങ്ങൾ എല്ലാം നടക്കണം, മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും. ഇതാണ് ഇപ്പോഴത്തെ ലോകത്തിന്റെ അവസ്ഥ! ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഞാൻ വേറെ ഏതോ വിഷയത്തിലേക്ക് പോകുന്നു, അല്ലെ? അതുമിതും പറഞ്ഞു നിന്നാൽ സമയത്തിന് ഹിദ്ദിൽ എത്താൻ പറ്റില്ല. നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി. ഇനി ഒരു പത്തു മിനിട്ടു കൊണ്ടു ഹിദ്ദിൽ എത്താം.

പെട്ടെന്ന് ഒരു വണ്ടി വന്നു എന്റെ അടുത്തു നിറുത്തി. ഏതോ വലിയ കാർ ആണ്. ദിവസങ്ങൾ വ്യത്യാസത്തിൽ പുതിയ വണ്ടികൾ ഇറങ്ങുന്നതു കൊണ്ട്‌ കാർ ഏതാണ് എന്നൊന്നും അറിയില്ല. ഒരു അറബി തല വെളിയിലിട്ടു 'അസലാമു അലൈയ്ക്കും' പറഞ്ഞു. ഞാനും തിരിച്ചു മറുപടി പറഞ്ഞു. അറബിഭാഷയിൽ അയാൾ എന്നോടു എന്തോ ചോദിച്ചു. ജനിച്ചു വീണ കുഞ്ഞിനെപോലെ എന്തു പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ തൊട്ടടുത്ത്‌ കാർ തുടയ്ക്കുന്ന ബംഗാളിയെ കണ്ടു. ഞാൻ അവനെ ചൂണ്ടി എനിക്കു അറിയാവുന്ന ഭാഷയിൽ എന്തോ പറഞ്ഞു. എന്താണെന്നു മനസിലായില്ല. എന്റെ വെപ്രാളവും പെരുമാറ്റവും കണ്ടപ്പോൾ അറബിക്കു മനസിലായി ഇവനോടു ചോദിച്ചിട്ടു കാര്യമില്ലെന്ന്. അയാൾ വീണ്ടും അറബിഭാഷയിൽ എന്തോ പുലമ്പിയിട്ടു കാർ ഓടിച്ചു പോയി. ഒരു കാര്യം പിടികിട്ടി, നല്ല ചീത്തയാണ്‌ വിളിച്ചത് (മലയാളത്തിൽ എന്തായാലും ഞാൻ അതു വിവരിക്കുന്നില്ല. എന്റെ പല്ല് പുളിക്കുന്നു).

ഹാവു, രക്ഷപ്പെട്ടു. ഒരു ദീർഘനിശ്വാസവും വിട്ടു യാത്ര തുടർന്നു. ഒടുവിൽ ഹിദ്ദിൽ എത്തി. ഇപ്പോൾ സമയം 7.10. നല്ല വിശപ്പുണ്ട്‌. എനിക്ക് അക്കൗണ്ട്‌ ഉള്ള ഹിദ്ദിലെ ഫൈവ് സ്റ്റാർ ഹോട്ടലെന്നു സ്വയം വിശേഷിപ്പിക്കുന്ന 'സ്വാദ് ഹോട്ടലി'ലേക്ക് നേരെ പാഞ്ഞു. എന്നും പതിവായി ചെല്ലുന്നതു കൊണ്ട്‌ എനിക്കുള്ള ദോശയും ചമ്മന്തിയും ആയി മമ്മാലി കാത്തിരിപ്പാണ്. കൈ കഴുകി ഇരുന്നതും ദോശയും ചമ്മന്തിയുമായി മമ്മാലി എത്തി. കൂടെ നമ്മൾ ഓർഡർ പറയാതെ കിട്ടുന്ന തുള വലുതായ വടയും.

തൊട്ടടുത്ത മേശയിൽ ബംഗാളികളുടെ വട്ടമേശ സമ്മേളനം. ചിലർ ഓടി വന്നു പാർസൽ ഓർഡർ ചെയുന്നു. ചില ആളുകൾ ആഹാരം കഴിക്കുന്നതിനിടയിൽ മൊബൈലിൽ വീഡിയോ കണ്ടു പരിസരം മറന്നു ചിരിക്കുന്നു. ഇതിനിടയിൽ മമ്മാലി വന്നു "ചായ വേണോ, സുലൈമാനി വേണോ?" എന്നു ചോദിച്ചു. സുലൈമാനി ആയിക്കോട്ടെ - ചായ കുടിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന് ഏതോ ബുക്കിൽ വായിച്ച ഓർമയുണ്ട്.

ദോശയും ചമ്മന്തിയും അകത്താക്കി സുലൈമാനി കുടിച്ചിരിക്കുമ്പോൾ ദാ വിളിക്കുന്നു സുലൈമാൻ (വണ്ടിക്കാരൻ). "ഡാ ഞാൻ പുറത്തുണ്ട്, ദാ വരുന്നു", എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു കൈ കഴുകി. "മമ്മാലി, എഴുതിക്കോ", എന്നു വിളിച്ചു പറഞ്ഞു നേരെ വണ്ടിയിലേക്ക്. ഇപ്പോൾ സമയം 7.30. ഇനിയുള്ള എട്ടു മണിക്കൂർ അടുത്ത ശമ്പളത്തിന് വേണ്ടിയുളള ഓട്ടം!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.